നരേന്ദ്രമോദി സ്ഥാനം ഒഴിയുന്ന ദിവസം ഞാന്‍ രാഷ്ട്രീയം വിടും;സ്മൃതി ഇറാനി

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്ന ദിവസം താനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഒഴിയുമെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി. പൂനെയില്‍ വേര്‍ഡ് കൗണ്ട് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോദി ഇനിയും ഭരിക്കുമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

എന്നാണ് താങ്കളെ പ്രധാന്‍ സേവകയായി കാണാന്‍ സാധിക്കുക എന്ന് സദസില്‍ നിന്നും ചോദിച്ചപ്പോള്‍ ഒരിക്കലുമില്ല,ഞാന്‍ രാഷ്ട്രീയത്തില്‍ എത്തിയത് നേതാവാകാനല്ല. മറിച്ച്‌ മികച്ച നേതാക്കളുടെ കീഴില്‍ ജോലി ചെയ്യാനാണ്. മുന്‍പ് അടല്‍ ബിഹാരി വാജ്പേയിയുടെ കീഴിലും ഇപ്പോള്‍ നരേന്ദ്രമേദിക്കും കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നത് എന്റെ ഭാഗ്യമാണ്. നരേന്ദ്രമോദി എന്നാണോ പ്രധാന്‍ സേവക് പദവി ഒഴിയുന്നത് ആ ദിവസം ഞാന്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറും എന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.

ഇനിയും ദീര്‍‌ഘകാലം നരേന്ദ്രമോദി ആ സ്ഥാനത്ത് തുടരുമെന്നും അവര്‍ കുട്ടിച്ചേര്‍ത്തു. മോദിയല്ലാതെ മറ്റാരുടെ കീഴില്‍ ജോലി ചെയ്യാനാണ് താല്പര്യമെന്ന ചോദ്യത്തിന് ഇപ്പോള്‍ രാജ്‌നാഥ് സിങ്ങിനും, നിതിന്‍ ഗഡ്കരിക്കുമൊക്കെ കീഴിലാണല്ലോ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു മറുപടി.

പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിപക്ഷനേതാക്കളുടെയും ട്രേളുകള്‍ക്ക് ഇരയായ വളരെ ചുരുക്കമാളുകളില്‍ ഒരാളാണ് താനെന്നും സ്മൃതി ഇറാനി പറഞ്ഞു. സ്ത്രീകളില്‍ തനിക്ക് ആരാധന തോന്നിയ നേതാക്കളാണ് സുഷമാ സ്വരാജും സുമിത്രാ മഹാജനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ അമേഠിയില്‍ നിന്നും മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *