കോല്‍ക്കത്ത: സിബിഐ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുചേരാന്‍ തയാറാണെന്ന സൂചന നല്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോല്‍ക്കത്തയിലെ മെട്രോ ചാനലില്‍ സമരം നടത്തുന്ന മമതയെ സന്ദര്‍ശിക്കാനെത്തിയ ആര്‍ജെഡി, ഡിഎംകെ നേതാക്കളെ സ്വാഗതം ചെയ്യവെയാണ് മമത വിട്ടുവീഴ്ചയുടെ സൂചനകള്‍ നല്‍കിയത്.
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവും ഡിഎംകെ നേതാവ് കനിമൊഴിയുമാണ് മമതയെ സമരപ്പന്തലില്‍ സന്ദര്‍ശിച്ചത്. സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും ഇരു നേതാക്കളെയും സ്വാഗതം ചെയ്തു കൊണ്ട് മമത പറഞ്ഞു.
കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കുന്നതിനോട് ഇതുവരെ മമതയ്ക്കു മമതയുണ്ടായിരുന്നില്ല. കോണ്‍ഗ്രസിനെ ഒഴിവാക്കി ഒരു മൂന്നാം മുന്നണിയാണ് മമത ലക്ഷ്യമിട്ടതും. ഇതിന്റെ ഭാഗമായാണ് കോല്‍ക്കത്തയില്‍ കഴിഞ്ഞ മാസം 23 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത മഹാറാലി സംഘടിപ്പിച്ചത്.
