ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി ഭരണകൂടത്തിന്റെ അറിവോടെയെന്ന് ഐക്യരാഷ്ട്രസഭ

അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി ഭരണകൂടത്തിന്റെ അറിവോടെയെന്ന് ഐക്യരാഷ്ട്രസഭ. യു.എന്നിന്റെ മനുഷ്യവകാശ സമിതിയുടെ അന്വേഷണത്തിലാണ് അധികാരികളുടെ പങ്ക് വ്യക്തമായത്. ഖഷോഗ്ജി വധത്തില്‍ യു.എന്‍ അന്വേഷണം തുര്‍ക്കി പ്രധാനമന്ത്രി എര്‍ദോഗാന്‍ ആവശ്യപ്പെട്ടിരുന്നു.

തുര്‍ക്കി സമര്‍പ്പിച്ച ഓഡിയോ ടേപ്പുകളുടേയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സൗദി ഉന്നതാധികാരികളുടെ പങ്ക് കൊലപാതകത്തില്‍ ഉണ്ടെന്ന് അന്വേഷണത്തലവന്‍ ആഗ്നെസ് കല്ലമര്‍ദ് പറഞ്ഞു. മാത്രമല്ല സൗദി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

തുര്‍ക്കി നടത്തിയ അന്വേഷണം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണത്തിന് രാജ്യാന്തര നിലവാരം ഉണ്ടായിരുന്നെന്നും ആഗ്നെസ് പറഞ്ഞു. മൂന്നംഗ സംഘത്തിനൊപ്പം ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ആഗ്നെസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്തിമ റിപ്പോര്‍ട്ട് ജൂണില്‍ സമര്‍പ്പിക്കും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *