കോഴിക്കോട്∙ കെടിഡിഎഫ്സി, കെഎസ്ആര്‍ടിസിക്കു നല്കിയ വായ്പ സംബന്ധിച്ച് ഇരു കോര്‍പറേഷനുകളുടെയും കണക്കുകളില്‍ പൊരുത്തക്കേട്. കെടിഡിഎഫ്സിയുടെ കണക്കനുസരിച്ച് ഹ്രസ്വകാല, ദീര്‍ഘകാല വായ്പകളിലായി പലിശയടക്കം 491.64 കോടിരൂപ കെഎസ്ആര്‍ടിസി തിരിച്ചടയ്ക്കാനുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ കണക്കുകളില്‍ ഈ തുക ഉള്‍പ്പെയുത്തിയിട്ടില്ല.
ഹ്രസ്വകാല വായ്പ ഇനത്തില്‍ 332.37 കോടി രൂപയും അതിന്റെ പലിശ 23.27 കോടിയും ദീര്‍ഘകാല വായ്പ 121 കോടിയും പലിശ 15 കോടിയും ഇപ്പോഴും കുടിശികയാണെന്നാണ് ഓഡിറ്റ് പരിശോധനയുടെ അടിസ്ഥാനത്തില്‍ കെടിഡിഎഫ്സി പറയുന്നത്. ഇതിന്റെ തിരിച്ചടവ് കാലാവധി കഴിഞ്ഞെന്നും ഇപ്പോള്‍ ഒരു തിരിച്ചടവും നടക്കുന്നില്ലെന്നും അവരുടെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസി കണക്കുകളില്‍ ഇല്ലാത്തത് ഈ തുകയാണ്.
കണ്‍സോര്‍ഷ്യം വായ്പ ഇനത്തില്‍ കെടിഡിഎഫ്സി വിഹിതമായ തുക സംബന്ധിച്ച കണക്ക് ഒരുപോലെയാണ്. ആ തരത്തില്‍ 150 കോടി വായ്പ കൈപ്പറ്റിയതില്‍ 145 കോടി തിരിച്ചടയ്ക്കാനുണ്ട്. കെടിഡിഎഫ്സിയില്‍നിന്ന് 2018 മാര്‍ച്ചിലെടുത്ത ഈ വായ്പ മാത്രമേ നിലവിലുള്ളൂവെന്നാണ് വിവരാവകാശ അന്വേഷണത്തിനു കെഎസ്ആര്‍ടിസി നല്കിയ മറുപടി. ഇതിന്റെ തിരിച്ചടവായി 4,32,950 രൂപ പ്രതിദിനം നല്‍കുന്നുമുണ്ട്. ഇനിയും 19 വര്‍ഷംകൊണ്ട് അടച്ചുതീര്‍ത്താല്‍ മതിയാകും.ഇനി കണ്‍സോര്‍ഷ്യം വായ്പയല്ലാതെ മറ്റു വായ്പകള്‍ കെഎസ്ആര്‍ടിസിക്കു നല്‍കാനാകില്ലെന്നും കെടിഡിഎഫ്സി ലീഗല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് മാനേജര്‍ നല്കിയ മറുപടിയില്‍ പറയുന്നുണ്ട്. കെടിഡിഎഫ്സിയില്‍നിന്നും വിവിധ ബാങ്കുകളില്നിന്നുമായുള്ള 3100 കോടിയുടെ കണ്‍സോര്‍ഷ്യം വായ്പയും 3816.81 കോടിയുടെ സര്‍ക്കാര്‍ വായ്പയുമാണ് നിലവിലുള്ള മൊത്തം ബാധ്യതയായി കെഎസ്ആര്‍ടിസി പറയുന്നത്. അതേസമയം വായ്പത്തുക സംബന്ധിച്ച കണക്കുകളിലെ വ്യത്യാസം കെടിഡിഎഫ്സി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
