വടകര: രാജേഷ് അറസ്റ്റിലായതോടെ തന്നെ ആക്രമിച്ച കേസ് ഷംസീര്‍ എംഎല്‍എയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.ഒ.ടി. നസീര്‍. അറസ്റ്റിലായ രാജേഷ്, ഷംസീറിന് ആരായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. തനിക്കും രാജേഷിനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. തന്നെ ആക്രമിച്ചതിന്റെ ഗൂഢാലോചന ഷംസീറിലേക്ക് എത്തുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സി.ഒ.ടി. നസീര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തലശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയാണ് രാജേഷ്. വ്യക്തിപരമായി ഒരു പ്രശ്‌നവും രാജേഷുമായി ഇല്ലെന്നും സി.ഒ.ടി. നസീര്‍ പറയുന്നു. ഷംസീറിന്റെ കൂടെ എല്ലാ സമയത്തും ഉള്ള ഒരാളാണ് രാജേഷ് എന്ന് തലശ്ശേരിയിലുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്. അന്വേഷണം രാജേഷിലേക്കെത്തിയതിനാല്‍ കേസില്‍ പ്രതീക്ഷയുണ്ട്. ഷംസീറിലേക്ക് എത്തുമെന്നും പ്രതീക്ഷയുണ്ടെന്നും നസീര്‍ പറഞ്ഞു.
രാജേഷിന്റെ യാത്രാവിവരങ്ങള്‍ എടുത്തുനോക്കിയാല്‍ ഷംസീറിന്റെ സഹോദരനുമായി മസ്‌കറ്റിലൊക്കെ ബിസിനസ് യാത്ര നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങളില്‍ ഷംസീറുമായി അടുപ്പം പുലര്‍ത്തുന്നുണ്ട്. രാജേഷ് അറസ്റ്റിലായതിനാല്‍ ഗൂഢാലോചന ഷംസീറിലേക്കെത്തുമെന്ന പ്രതീക്ഷയുണ്ടെന്നും നസീര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാജേഷ് അറസ്റ്റിലാകുന്നത്. അക്രമികളെയും സഹായികളെയും സംഘടിപ്പിച്ച പ്രതി പൊട്ടി സന്തോഷ് എന്ന വി.പി.സന്തോഷിനെ കൃത്യം ഏല്‍പ്പിച്ചതിനാണ് രാജേഷിനെ അറസ്റ്റുചെയ്തത്. ഇയാള്‍ ഷംസീര്‍ എംഎല്‍എയുടെ മുന്‍ ഡ്രൈവറാണ്.
