തിരൂര്‍: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേരളത്തിലെത്തിയ കേന്ദ്ര സേന അംഗങ്ങള്‍ റസ്റ്റ് ഹൗസ് ജീവനക്കാരന്റെ മുണ്ട് അഴിച്ചു മാറ്റി. തിരഞ്ഞെടുപ്പിന് ക്രമസമാധാന പരിപാലനത്തിന് എത്തിയ ബി എസ് എഫ് ഭടന്‍മാരാണ് സര്‍ക്കാര്‍ റസ്റ്റ് ഹൗസ് ജീവനക്കാരനായ പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവാവിന്റെ മുണ്ട് അഴിച്ചു മാറ്റിയത്. സംഭവം വിവാദമാകുമെന്ന് മനസിലായതോടെ ഭടന്‍മാര്‍ മാപ്പ് പറഞ്ഞ് പ്രശ്‌നം ഒതുക്കി തീര്‍ത്തു. തിരൂര്‍ പി ഡബ്ലിയു ഡി റസ്റ്റ് ഹൗസില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വാച്ച് മാന്‍ മനോജ് (37) നാണ് രാജ്യ സുരക്ഷക്കാരില്‍ നിന്നും വേദനാജനകമായ അനുഭവം ഏല്‍ക്കേണ്ടി വന്നത്. കമാണ്ടന്റ് അശ്വിനി മേത്ത തിരൂര്‍ റെസ്റ്റ് ഹൗസിലാണ് ക്യാമ്പു ചെയ്യുന്നത്. കാമാണ്ടന്റ് ഓഫീസറുടെ ഗാര്‍ഡുകളും ഇതേ റസ്റ്റ് ഹൗസിലായിരുന്നു താമസം. ക്യാമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ഭടന്‍മാരാന്ന് മനോജിന്റെ മുണ്ട് അഴിച്ചത്. റസ്റ്റ് ഹൗസില്‍ വെള്ളമില്ലാഞ്ഞതിനെ തുടര്‍ന്ന് മോട്ടോര്‍ ഓണ്‍ ചെയ്യാന്‍ പോകവെ മൂന്ന് ഭടന്‍മാര്‍ വന്ന് ഇനി മുതല്‍ പാന്റ്‌സ് ഇടണമെന്നും പറഞ്ഞ് മുണ്ട് അഴിക്കുകയായിരുന്നു. റസ്റ്റ് ഹൗസില്‍ കാന്റീന്‍ നടത്തുന്ന കുടുംബശ്രീ അംഗങ്ങളുടെ മുന്നില്‍ വെച്ച് അപമാനിതനായ മനോജ് നിലവിളിച്ച് തന്റെ മുറിയില്‍ കയറി കതകടച്ച് രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് പ്രശ്‌നം ഗുരുതരമാണെന്ന് മനസിലായത്. ഇതിനിടെ തിരൂര്‍ എസ് ഐ. സുനില്‍ പുളിക്കല്‍ സ്ഥലത്തെത്തി. മനോജിന് പരാതിയുണ്ടെങ്കില്‍ കേസെടുക്കാമെന്ന് അറിയിച്ചു. തുടര്‍ന്ന് ആരോപണ വിധേയരായ ഭടന്‍മാരുമായും കമാണ്ടന്റുമായും എസ് ഐ സംസാരിച്ചു. മനോജ് തങ്ങളുടെ സഹോദരനാണെന്നും തമാശക്കാണ് അങ്ങനെ ചെയ്തതെന്നും ഭടന്‍മാര്‍ പറഞ്ഞു. പരാതിപ്പെട്ടാല്‍ തങ്ങളുടെ ജോലി പോകുമെന്ന് ദയനീയമായി പറഞ്ഞ ഭടന്‍മാര്‍ മനോജിനോടു മാപ്പു പറഞ്ഞു. സംഭവത്തില്‍ തനിക്ക് അപമാനം നേരിട്ടതായും എന്നാല്‍ ഭടന്മാരുടെ മാപ്പിനെ തുടര്‍ന്ന് പരാതിയുമായി മുന്നോട്ടു പോകുന്നില്ലെന്നും മനോജ് പറഞ്ഞു. തമാശ കാര്യമാവുകയും മിനുറ്റുകള്‍ക്കുള്ളില്‍ മാധ്യമ പ്രവര്‍ത്തകരും പോലീസും എത്തിയതോടെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിന്ന ബി എസ് എഫ് ഭടന്‍മാര്‍ ഇനി കേരളത്തിലേക്കില്ലെന്നും സംഭവം ഇത്ര ഗൗരവമാകുമെന്ന് കരുതിയില്ലെന്നും പറഞ്ഞു.
