മഞ്ചേരി: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്യുകയും ഏഴുപവന്‍ സ്വര്‍ണ്ണാഭരണം കവരുകയും ചെയ്ത കേസിലെ രണ്ടു പ്രതികളെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചു. ഒന്നാം പ്രതി കല്‍പ്പകഞ്ചേരി തവളംചിന കൊടശ്ശേരി അബ്ദുല്‍ അമീര്‍ എന്ന അമീര്‍(29), മൂന്നാം പ്രതി തമിഴ്‌നാട് തഞ്ചാവൂര്‍ തിരുവാരൂര്‍ തമിളര്‍ സ്ട്രീറ്റ് തമിതിരുതൂരൈ പൂണ്ടി ശിവ (33) എന്നിവരെയാണ് ജഡ്ജി പി എസ് ശശികൂമാര്‍ ശിക്ഷിച്ചത്.
ഒന്നാം പ്രതിക്ക് ബലാല്‍സംഗം ചെയ്തതിന് 10 വര്‍ഷം കഠിന തടവ് അരലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു വര്‍ഷം കഠിന തടവ്, കവര്‍ച്ച നടത്തിയതിന് അഞ്ചു വര്‍ഷം കഠിന തടവ്, കാല്‍ ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം കഠിന തടവ്, ഭവനഭേദനത്തിന് അഞ്ചു വര്‍ഷം കഠിന തടവ് 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. മൂന്നാം പ്രതിക്ക് കവര്‍ച്ച നടത്തിയതിന് ഏഴു വര്‍ഷം കഠിന തടവ്, അര ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒന്നര വര്‍ഷം കഠിന തടവ്, ഭവനഭേദനത്തിന് അഞ്ചു വര്‍ഷം കഠിന തടവ് 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
2009 ജൂണ്‍ 6ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് കേസിന്നാസ്പദമായ സംഭവം. തവളഞ്ചിന സ്വദേശി 43കാരിയെയാണ് നാലു പ്രതികള്‍ ചേര്‍ന്ന് അക്രമിച്ചത്. ഒറ്റക്കു താമസിക്കുന്ന വയോധികയും തവളംചിന പറക്കുണ്ട് കുഞ്ഞിമുഹമ്മദിന്റെ ഭാര്യയുമായ മറിയാമു (82)വിന് കൂട്ടിരിക്കാനെത്തിയതായിരുന്നു വീട്ടമ്മ. വീടിന്റെ വാതില്‍ ചവിട്ടി തുറന്ന പ്രതികള്‍ വയോധികയെ കെട്ടിയിട്ട് മര്‍ദ്ദിച്ചിക്കുകയും വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത ശേഷം ഇരുവരുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയുമായിരുന്നു.
കേസിലെ രണ്ടാം പ്രതിയായ വടകര വാണിമേല്‍ പുതിയപുരക്കല്‍ മാമ്പിലാക്കല്‍ ഷമീര്‍ (19) വിചാരണക്കിടെ വാഹന അപകടത്തില്‍ മരണപ്പെട്ടിരുന്നു. മറ്റൊരു പ്രതിയായ എ ആര്‍ നഗര്‍ കുന്നുംപുറം അടിപ്പറവത്ത് സാദിഖലിക്ക് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവനൈല്‍ കോടതിയില്‍ നടന്നു വരികയാണ്.
പിഴയടക്കുന്ന പക്ഷം ഒരു ലക്ഷം രൂപ പീഡനത്തിനിരയായ വീട്ടമ്മക്കും അര ലക്ഷം രൂപ മര്‍ദ്ദനത്തിനിരയായ വയോധികക്കും നല്‍കണമെന്നും കോടതി വിധിച്ചു. പ്രതികള്‍ കവര്‍ന്ന ഏഴു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പരാതിക്കാര്‍ക്ക് തിരിച്ചു നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പീഡനത്തിനിരയായ വീട്ടമ്മക്ക് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയോട് കോടതി ശുപാര്‍ശ ചെയ്തു.
കേസിലെ 23 സാക്ഷികളില്‍ 16 പേരെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയ്‌സണ്‍ തോമസ് കോടതി മുമ്പാകെ വിസ്തരിച്ചു.
