തിരുവനന്തപുരം : വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള സ്ഥാപനങ്ങളില്‍ അവശ്യവസ്തുക്കള്‍ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാന സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ കീഴില്‍ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, സ്ത്രീകള്‍- കുട്ടികള്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ നേരിട്ടും സര്‍ക്കാര്‍ അംഗീകാരത്തോടെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 33,000 അന്തേവാസികളുണ്ട്.
കൊറോണയുടെ ഭാഗമായി നിയന്ത്രണം വന്നപ്പോള്‍ ഇവിടങ്ങളില്‍ ഇവര്‍ക്ക് അവശ്യസാധനങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ 124 സ്ഥാപനങ്ങളില്‍ മരുന്നിന് ദൗര്‍ലഭ്യം അടിയന്തരമായി പരിഹരിക്കാന്‍ സാമൂഹ്യനീതി, വനിതാ -ശിശുവികസന വകുപ്പുകളെ ചുമതലപ്പെടുത്തി.
ഈ വകുപ്പുകള്‍ക്കു കീഴിലെ സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളില്‍നിന്ന് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും മരുന്നും ലഭ്യമാക്കും. സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ്, സപ്ലൈകോ, മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുതലായ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തും. സംസ്ഥാനത്തേക്ക് സാധനങ്ങളുമായി വരുന്ന ലോറികളുടെ നീക്കം സജീവമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എന്നാല്‍ ശരാശരിയില്‍ താഴെയാണ് അത്. അരിയുമായി ഇന്ന് 130 ട്രക്കുകളാണ് വന്നിട്ടുള്ളത്. ആകെ 1721 ട്രക്കുകള്‍ വന്നു. ഫെബ്രുവരി മാസത്തില്‍ ശരാശരി 2560 ട്രക്കുകള്‍ വന്നിടത്താണ് ഇത്. പച്ചക്കറികളുമായി 331 ലോറികളെത്തിയിട്ടുണ്ട്.സര്‍വീസ് പെന്‍ഷന്‍ വിതരണത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഫലപ്രദമായിരുന്നു. വലിയ തിരക്കും പരാതിയുമില്ലാതെ ആദ്യദിവസം വിതരണം നിര്‍വഹിക്കാനായി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്റെ ഒന്നാം ഗഡു 1646.28 കോടി രൂപ അനുവദിച്ചു. ഈ തുകയില്‍നിന്ന് കൊറോണ പ്രതിരോധ-പരിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കാം – അദ്ദേഹം വ്യക്തമാക്കി .
