ലോക്ക്ഡൗണ്‍ കാലത്തെ 17 കാരിയുടെ ‘പ്രണയസാഹസം

കോട്ടയം : ലോക്ക്ഡൗണ്‍ കാലത്ത് അമ്മയോട് പിണങ്ങി 17 കാരി നടന്നത് തമിഴ്‌നാട്ടിലെ കാമുകന്റെ വീട്ടിലേക്ക്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടില്‍ നിന്നും കാമുകന്റെ വീട് തേടി ഇറങ്ങിയത്. തമിഴ്‌നാട്ടിലേക്ക് കടന്ന വിദ്യാര്‍ത്ഥിനിയെ, തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ നെടുങ്കണ്ടം പൊലീസ് തിരികെ വീട്ടിലെത്തിച്ചു.

പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരം മേഖലയില്‍ ഉള്ളതായി കണ്ടെത്തി. ഇതോടെ, തമിഴ്‌നാട് തേവാരം പൊലീസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി താമസിക്കുന്ന മേഖല കണ്ടെത്തി.

കേരള പൊലീസ് എത്തിയാല്‍ മാത്രമേ പെണ്‍കുട്ടിയെ കൈമാറുകയുള്ളൂ എന്ന് തേവാരം പൊലീസ് അറിയിച്ചു. ലോക് ഡൗണായതിനാല്‍ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങി നെടുങ്കണ്ടം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തേവാരത്ത് എത്തി. സാനിറ്റൈസര്‍, മാസ്‌ക്, കൈയ്യുറ, ഭക്ഷണം, വെള്ളം തുടങ്ങിയവയുമാണ് പൊലീസ് തമിഴ്‌നാട്ടിലേക്ക് പോയത്.

തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ പെണ്‍കുട്ടിയെ നെടുങ്കണ്ടത്ത് എത്തിച്ചു. വൈദ്യ പരിശോധന അടക്കമുള്ള നടപടി ക്രമം പൂര്‍ത്തിയാക്കിയ ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി ലോക്ഡൗണിനെ തുടര്‍ന്നാണ് വീട്ടില്‍ തിരിച്ച്‌ എത്തിയത്. വിദ്യാര്‍ഥിനിയുടെ ആണ്‍സുഹൃത്തിനെ കുറിച്ച്‌ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *