ദുബായ്- കൊറോണ വൈറസിനെതിരായ പോരാട്ടം ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും പുകവലക്കെതിരെയുള്ള പോരാട്ടം കൂടിയാണ്. പുകവലി ശീലമുള്ളവരെ കൊറോണ വേഗത്തില്‍ പിടികൂടുമെന്ന മെഡിക്കല്‍ പഠനങ്ങള്‍ പുറത്തുവന്നതോടെ, ഈ ശീലം വ്യാപകമായുള്ള ഗള്‍ഫ് നാടുകളില്‍ സര്‍ക്കാരുകള്‍ ബോധവല്ക്കണത്തിലാണ്.
കോവിഡ് ബാധിതരായവരില്‍ വലിയൊരു വിഭാഗം പുകവലിക്കാരാണെന്ന് കണ്ടെത്തിയതായി ദുബായ് ജനറല്‍ ഹെല്‍ത്ത് വിഭാഗം ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ഡോ.അലി സിംഗല്‍ വ്യക്തമാക്കി. പലതരത്തിലാണ് പുകവലിക്കാരെ കൊറോണ പിടികൂടാനുള്ള സാധ്യത കൂടുന്നത്.പുകവലി ശീലമുള്ളവരില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകും. കൊറോണ വൈറസ് ബാധയേല്‍ക്കുന്നത് ഈ അസുഖം പുറത്തുവരാനും മൂര്‍ച്ഛിക്കാനും ഇടയാക്കും. ചെയിന്‍ സ്മോക്കര്‍മാര്‍ ഇടക്കിടെ കൈകള്‍ ചുണ്ടിലടുപ്പിക്കുമ്പോള് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്.
ദുബായ് മെഡിക്കല്‍ ഡയരക്ടര്‍ ഡോ.ആദില്‍ അല്‍സിസിയും ഈ വാദം അംഗീകരിക്കുന്നു. ശ്വാസകോശ,ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരെ കോവിഡ് വേഗത്തില്‍ പിടികൂടും. പുകവലിക്കാത്തവരെ അപേക്ഷിച്ച് രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി ഇത്തരക്കാരില്‍ കുറവാണ്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് സിഗരറ്റ് ഷെയര്‍ ചെയ്ത് വലിക്കുന്നത് കൂടുതല്‍ അപകടമുണ്ടാക്കും. പുകലിക്കാര് ഊതിവിടുന്ന പുകയിലൂടെ മറ്റുള്ളവരിലേക്കും വൈറസ് കടന്നു ചെല്ലാനുള്ള സാധ്യതയുണ്ടെന്നും ഡോ.ആദില്‍ അല്‍സീസി പറയുന്നു.
കൊറോണ ഭീതിയൊഴിയുന്നത് വരെയെങ്കിലും പുകവലി ഉപേക്ഷിക്കണമെന്ന ഉപദേശമാണ് ദുബായിലെ ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് നല്‍കുന്നത്. സിഗരറ്റിന് പകരം ച്യുയിംഗം ഉപയോഗിക്കുന്നത് ശീലമാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
