വാഷിംഗ്ടണ്‍: ലോക്ക്ഡൗണ്‍ കഴിയുമ്ബോള്‍ ആഗോള തലത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന ഉണ്ടാകുമെന്ന് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) പഠനം. ലോകമെങ്ങും 11.60 കോടി കുഞ്ഞുങ്ങള്‍ പിറക്കുമെന്നാണ് കരുതപ്പെടുന്നത്. മാര്‍ച്ച് 11 മുതല്‍ ഡിസംബര്‍ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
മെയ് 10 ലോക മാതൃദിനം ആചരിക്കാനിരിക്കെയാണ് യുനിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആരോഗ്യരംഗം സമ്മര്‍ദവും തടസ്സങ്ങളും നേരിടുന്നത് ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കുക. ചൈന (1.35 കോടി), നൈജീരിയ (64 ലക്ഷം), പാകിസ്ഥാന്‍ (50 ലക്ഷം), ഇന്തോനേഷ്യ (40 ലക്ഷം), യു.എസ് (33 ലക്ഷം) തുടങ്ങിയ രാജ്യങ്ങളാകും ഇന്ത്യയ്ക്കു പിന്നില്‍. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ ഈ സമയത്ത് 33 ലക്ഷം കുഞ്ഞുങ്ങളുണ്ടാകും. കൂടുതല്‍ കുഞ്ഞുങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് അമേരിക്ക.
