നടുക്കത്തോടെ മഹാരാഷ്ട്ര; രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 33.5 ശതമാനം കേസുകളും ഇവിടെ നിന്ന്

മുംബയ് : ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബയ് ഉള്‍പ്പെടുന്ന മഹാരാഷ്ട്രയില്‍ കൊവിഡ് രോഗ വ്യാപനവും മരണങ്ങളും രാജ്യത്തെ നടുക്കുകയാണ്. ഓരോ ദിവസവും രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് കടുത്ത ആശങ്കയാണ് ജനങ്ങളില്‍ ഉണ്ടാക്കുന്നത്. ധാരാവിയടക്കമുള്ള ചേരികളില്‍ നിയന്ത്രിക്കാനാകാത്ത വിധം വൈറസ് വ്യാപനം ഉണ്ടാകുമ്ബോഴും ഭരണാധികാരികള്‍ കാഴ്ചക്കാരാവുകയാണ്. ജനങ്ങളെ നിയന്ത്രിക്കേണ്ട പൊലീസുകാര്‍ പോലും രോഗത്തിന്റെ പിടിയിലായിട്ടുണ്ട്.

ഇന്നലെ മാത്രം സംസ്ഥാനത്ത് 55 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബങ്ങളും ഭീതിയിലായിട്ടുണ്ട്. ഇതുവരെ 1328 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധിച്ചതിനിടെ നിരവധി ജീവനുകളും മഹാരാഷ്ട്ര പൊലീസിന് നഷ്ടമായി.അന്‍പത് വയസിന് മുകളില്‍ പ്രായമുള്ളവരെ സമൂഹവുമായി നേരിട്ട് ഇടപെടുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 33.5 ശതമാനം കേസുകളും ഇപ്പോള്‍ ഈ സംസ്ഥാനത്ത് നിന്നാണ്. ഏറ്റവും ജനസംഖ്യയേറിയ ഉത്തര്‍പ്രദേശിനെയും ജനസാന്ദ്രതയേറിയ ബീഹാറിനെ പോലും പിന്നിലാക്കിയാണ് രോഗ വ്യാപനം.

മഹാരാഷ്ട്രയില്‍ 35,000 പോസിറ്റീവ് കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ പകുതിയും മുംബയ് നഗരത്തില്‍ നിന്നാണ്. പൂനെ, താനെ, നവി മുംബയ്, ഔറംഗാബാദ് എന്നിവിടങ്ങളില്‍ അതിവേഗത്തിലാണ് രോഗ വ്യാപനം സംഭവിക്കുന്നത്. അതേസമയം സാമ്ബത്തിക തിരിച്ചടി ഭയന്ന് വ്യവസായ സ്ഥാപനങ്ങളെല്ലാം തുറന്ന് കൊടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇത് മരണത്തെ വിളിച്ച്‌ വരുത്തുന്നതിന് തുല്യമാകുമെന്നാണ് വിലയിരുത്തല്‍. ലോക്ക് ഡൗണിനിടെ ഗ്രീന്‍സോണില്‍ പെട്ട അയ്യായിരം സ്ഥാപനങ്ങള്‍ തുറക്കാനൊരുങ്ങുന്നതോടെ ഇവിടങ്ങളില്‍ സാമൂഹിക അകലം പോലും പാലിക്കാതെയാകും. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങളിലേക്ക് വൈറസ് വ്യാപിച്ചേക്കാം.

ഇതിനകം ആയിരത്തി ഇരുന്നൂറിലേറെയാണ് മഹാരാഷ്ട്രയിലെ മരണ സംഖ്യ. ഇന്നലെ രണ്ടായിരത്തി അഞ്ഞൂറോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പകുതിയതിലേറെയും മുംബയിലായിരുന്നു. പൂനെ, താനെ, ഔറംഗബാദ് ,നാസിക്ക് അടക്കം പത്ത് ജില്ലകളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമാകുന്നത്. മാട്ടുംഗ ലേബര്‍ ക്യാമ്ബ്, ശാസ്ത്രി നഗര്‍ എന്നിവിടങ്ങളില്‍ സ്ഥിതി ആശങ്കാജനകമാണ്. പൊതു ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നതാണ് ചേരിയില്‍ രോഗവ്യാപനത്തിന് ഇടയാക്കുന്നത്. നവി മുംബയിലെ എ.പി.എം.സി മാര്‍ക്കറ്റ് തുറക്കാന്‍ അനുമതി നല്‍കിയതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും അതൃപ്തി ഉയരുന്നു. സര്‍ക്കാര്‍ നയം ആയതിനാല്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ഒരു മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ധാരാവിയിലെ രാജീവ് നഗര്‍, കമല നഗര്‍, മുകുന്ദ് നഗര്‍ എന്നിവിടങ്ങളിലൊക്കെ കൊവിഡ് കേസുകള്‍ കൂടുന്നതിന് പിന്നില്‍ സാമൂഹിക അകലം പാലിക്കാത്തതാണ്. കണ്ടെയ്ന്‍മെന്റ് -റെഡ് സോണുകളില്‍ പ്രതിരോധശേഷി മരുന്നുകള്‍വിതരണം ചെയ്ത് പിടിച്ചു നില്‍ക്കാനുള്ള ശ്രമവും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *