മക്ക ഹറമില്‍ പതിവ് പ്രാര്‍ഥനകളുമായി റമദാനിലെ 27ാം രാവ്

ജിദ്ദ: റമദാനിലെ 27ാം രാവില്‍ മക്ക ഹറമില്‍ പതിവ് പ്രാര്‍ഥനകള്‍ നടന്നു. കോവിഡിനെ തുടര്‍ന്ന് തീര്‍ഥാടകരുടെയും സന്ദര്‍കരുടെയും തിരക്കുകളില്ലാതെയാണ് ഇത്തവണ റമദാന്‍ 27 രാവിന് മക്ക ഹറം സാക്ഷിയായത്. റമദാനില്‍, പ്രത്യേകിച്ച്‌ അവസാന പത്തിലെ 27ാം രാവില്‍ തീര്‍ഥാടകരാലും സന്ദര്‍ശകരാലും ഹറമും പരിസരവും നിറഞ്ഞെഴുകി ജനസാഗരമാകുകയും പ്രാര്‍ഥന നിരതമാകുകയും ചെയ്യുന്നത് പതിവായിരുന്നു.

എന്നാല്‍ കേവിഡിനെ തുടര്‍ന്ന് മുന്‍കരുതലായി ഇരുഹറമുകളിലേക്ക് ആളുകളെത്തുന്നതിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഹറമും പരിസരവും വിജനമായിരുന്നു. ജോലിക്കാരും തൊഴിലാളികളും പെങ്കടുക്കേണ്ടവരുമായ കുറഞ്ഞ പേര്‍ മാത്രമാണ് നമസ്കാരങ്ങളിലും പ്രാര്‍ഥനകളിലും പെങ്കടുത്തത്. നമസ്കാരത്തിനിടയില്‍ കോവിഡ് എന്ന മഹാമാരിയില്‍ നിന്ന് ലോകത്തെ രക്ഷിക്കണമെന്ന് ഇമാം പ്രത്യേകം പ്രാര്‍ഥിച്ചു. നമസ്കാര വേളയില്‍ സമൂഹ അകലപാലനം ഉള്‍പ്പടെയുള്ള ആരോഗ്യ മുന്‍കരുതല്‍ പൂര്‍ണമായും പാലിച്ചിരുന്നു.

ഹറമിലേക്ക് എത്തുന്നവരുടെ ആരോഗ്യ സുരക്ഷയ്ക്കായി കര്‍ശന നടപടികളാണ് ആരോഗ്യ കാര്യാലയവുമായി സഹകരിച്ച്‌ ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്. പതിവ് ശുചീകരണ, അണുമുക്തമാക്കല്‍ നടപടികള്‍ക്ക് പുറമെ ഇപ്പോള്‍ തെര്‍മല്‍ കാമറകളും സ്വയം അണുമുക്തമാക്കുന്ന കവാടങ്ങളുമടക്കം ആരോഗ്യ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *