ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ കര്‍ത്തവ്യമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സത്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയാണ് തന്റെ ലക്ഷ്യം. തനിക്കുനേരെ ഭീഷണി മുഴക്കി യുപി സര്‍ക്കാര്‍ സമയം പാഴാക്കുകയാണെന്നും അവര്‍ പറഞ്ഞു.
യുപിയില്‍ അഭയകേന്ദ്രത്തിലെ രണ്ട് കുട്ടികള്‍ ഗര്‍ഭണിയായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക രംഗത്തെത്തിയിരുന്നു. ഇതോടെ പ്രിയങ്കയുടെ ആരോപണം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബാലാവകാശ കമ്മീഷന് പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചു. ഇതിനു പിന്നാലെയാണ് പ്രിയങ്ക സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
യുപി സര്‍ക്കാരിന് എന്ത് നടപടിവേണമെങ്കിലും എടുക്കാം. താന്‍ സത്യം ഉയര്‍ത്തിക്കാട്ടുകതന്നെ ചെയ്യും. താന്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്. ചില നേതാക്കളേപ്പോലെ ബിജെപിയുടെ അപ്രഖ്യാപിത വക്താവല്ലെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
