ദുബൈ: കേരളത്തിലെ പോളിങ് ബൂത്തുകളുടെ വാതിലുകള്‍ അടയുന്ന ഏപ്രില്‍ ആറിന് വൈകുന്നേരമാണ് എറണാകുളം വെണ്ണല രോഹിണി ഹൗസില്‍ വേലുപ്പിള്ള പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുന്നത്. തെരഞ്ഞെടുപ്പും വേലുപ്പിള്ളയും തമ്മില്‍ എന്താണ് ബന്ധം എന്നല്ലേ. പ്രായം 69 ആയെങ്കിലും വേലുപ്പിള്ള ഇതുവരെ ഒരു വോട്ടുപോലും ചെയ്തിട്ടില്ല. ഇക്കുറിയെങ്കിലും കന്നിവോട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച സമയത്ത് എത്താന്‍ കഴിയാത്തതിനാല്‍ ഇക്കുറിയും വോട്ട് നഷ്ടമായി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് നാട്ടില്‍ അറിയിച്ചിരുന്നു.
വേലുപ്പിള്ളയുടെ പ്രവാസത്തിെന്റ സുവര്‍ണ ജൂബിലി വര്‍ഷമാണിത്. യു.എ.ഇയുടെ വികസനം കാണുക മാത്രമല്ല, അതിെന്റ ഭാഗമാവാനും കഴിഞ്ഞതിലുള്ള സന്തോഷം കൂടിയുണ്ട് വേലുപ്പിള്ളയുടെ പ്രവാസത്തിന്. 1970കളുടെ തുടക്കത്തിലാണ് അന്തമാന്‍ നികോബാര്‍ ദ്വീപുകളിലേക്ക് അദ്ദേഹം ആദ്യമായി പറന്നത്. സെന്‍ട്രല്‍ പബ്ലിക് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനായിട്ടായിരുന്നു യാത്ര. 1975ല്‍ ദുബൈയിലെത്തി. ടര്മക് എന്ന ബ്രിട്ടീഷ് കമ്ബനിയിലെ സൂപ്പര്‍വൈസറായിട്ടായിരുന്നു തുടക്കം. ഒരുവര്ഷത്തിനുശഷം അജ്മാനിലെത്തി. 77ല്‍ അല്‍ഐനില്‍ വാട്ടര്‍ പ്രോജക്ടില്‍ എന്‍ജിനീയറായി. അല്‍ ഐനിെന്റ വികസനത്തില്‍ മുഖ്യപങ്കുവഹിച്ച പദ്ധതിയായിരുന്നു അത്. 1500 കിലോമീറ്റര്‍ വാട്ടര്‍ പൈപ്ലൈന് സ്ഥാപിക്കുന്ന പദ്ധതിയുടെ അണിയറയിലും അരങ്ങിലുമെല്ലാം വേലുപ്പിള്ളയുണ്ടായിരുന്നു. 80ല്‍ അല്‍ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്ബനിയില്‍ എന്‍ജിനീയറായി. 2009 വരെ ഇതായിരുന്നു കര്‍മഭൂമി. അതിനുശേഷം അല്‍ ഐനിലെ റിങ് റോഡ് വര്‍ക്കില്‍ കണ്‍സ്ട്രക്ഷന്‍ മാനേജറായി. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 31 വരെ ആ കമ്ബനിയില്‍ പല പ്രോജക്ടുകളില്‍ ജോലിചെയ്തു. ഏറ്റവുമൊടുവില്‍ ചെയ്തത് ഖലീഫ പോര്ട്ടിെന്റ രണ്ടാംഘട്ട വികസനമാണ്. ഇ.ജി.എയുടെ മിഡിലീസ്റ്റിലെ ഏറ്റവും വലിയ അലൂമിനിയം പ്ലാന്റിെന്റ രണ്ടാംഘട്ട വികസനത്തിെന്റ ഭാഗമാകാനും കഴിഞ്ഞു. ദുബൈ- അല്‍ഐന്‍ റിങ് റോഡിെന്റ നിര്‍മാണ ചുമതലയിലുമുണ്ടായിരുന്നു.
ഏഴ് എമിറേറ്റുകളുടെയും വളര്‍ച്ച കണ്മുന്നില് കണ്ടറിഞ്ഞ അനുഭവസമ്ബത്തുമായാണ് മടക്കം. നാട്ടിലെത്തി എന്താണ് പ്ലാന്‍ എന്ന് ചോദിച്ചാല്‍ വേലുപ്പിള്ളയുടെ മറുപടി ഇതാണ് ‘ഇത്രയും നാള് ജോലി എന്നുപറഞ്ഞ് ഓടി നടന്നില്ലേ. സ്വകാര്യ കമ്ബനിയിലെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കായതിനാല്‍ നല്ല ടെന്‍ഷനായിരുന്നു.ഇനി കുറച്ച് നാള് റിലാക്സ് ചെയ്യണം. നാട്ടില്‍ റസിഡന്റ്സ് അസോസിയേഷനൊക്കെയായി സഹകരിച്ച് സാമൂഹിക പ്രവര്‍ത്തനം നടത്തണം.വീടും പറമ്ബും പരിപാലിച്ച് സ്വസ്ഥമായി കഴിയണം. പറ്റുമെങ്കില്‍ തീര്‍ഥയാത്ര പോകണം’ -വേലുപ്പിള്ള പറയുന്നു.
