കോഴിക്കോട്: പതിമംഗലം സ്വദേശിയായ വ്യാപാരി തൊടുകയില്‍ അബ്ദുല്‍ കരീമിനെ അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന ഉറപ്പിലാണ് തന്നെ വിട്ടയച്ചതെന്ന് അബ്ദുല്‍ കരീം പറഞ്ഞു. തട്ടിക്കൊണ്ട് പോയത് കച്ചവട പങ്കാളി ഷഹസാദിന്റെ നേതൃത്വത്തിലുളള ക്വട്ടേഷന്‍ സംഘമാണെന്നാണ് വിവരം. കരീം കുരുമംഗലം പൊലീസില്‍ ഹാജരായി.
തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങിയ അബ്ദുല്‍ കരീം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് ബന്ധുക്കള്‍ക്ക് ചൊവ്വാഴ്ച ഫോണ്‍ വിളി എത്തിയത്. കരീം തങ്ങളുടെ കസ്റ്റഡിയിലാണെന്നും 50 ലക്ഷം രൂപ നല്‍കിയാല്‍ വിട്ടു നല്‍കാമെന്നുമായിരുന്നു സന്ദേശം. എന്നാല്‍ ഇത്രയും തുക പെട്ടെന്ന് നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ 30 ലക്ഷം നല്‍കണമെന്നായി സംഘം. അബ്ദുല്‍ കരീം തന്നെ ഭാര്യ ജസ്‌നയെ വിളിച്ചു. ഭയത്തോടെയാണ് കരീം സംസാരിച്ചതെന്ന് ജസ്‌ന പറയുന്നു.
പ്രശ്‌നത്തില്‍ ഇടപെട്ട സാമൂഹ്യ പ്രവര്‍ത്തകനായ നൗഷാദ് തെക്കയിലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് നാദാപുരത്തും തൂണേരിയിലും സമാനമായ തട്ടിക്കൊണ്ട് പോകലുകള്‍ ഉണ്ടായിരുന്നു. ഈ സംഭവങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തട്ടിക്കൊണ്ടു പോയവര്‍ തിരിച്ചെത്തിയിരുന്നു.
സ്വര്‍ണക്കടത്തും മറ്റു അനധികൃത പണമിടപാടുകളുമായും ബന്ധപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടു പോകുന്ന പരിപാടി ഇപ്പോള്‍ സ്ഥിരമായിട്ടുണ്ടെന്നാണ് പൊലീസുകാര്‍ പറയുന്നത്. ബംഗളൂരുവിലും വയനാട്ടിലും ബിസിനസ് നടത്തുന്ന അബ്ദുല്‍ കരീമിന് ചില പണമിടപാടുകള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കരീമിന്റെ വ്യാപാര പങ്കാളിയായ ഷെഹസാദ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
