10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും തളരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് കെ.മുരളീധരന്‍

കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരാന്‍ പോകുന്നില്ലെന്ന് കെ.മുരളീധരന്‍. 10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാല്‍ തകരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. ഇതിലും വലിയ പരീക്ഷണം കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും നേരിട്ടിട്ടുണ്ട്. ഇതിലും വലിയ വീഴ്ചകളില്‍നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ട്. കേരളത്തിലെ പരാജയം അംഗീകരിക്കുന്നു. പക്ഷേ അതുകൊണ്ടൊന്നും കോണ്‍ഗ്രസ് തകരുമെന്ന് വിചാരിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ലോട്ടറി അടിച്ചെന്നു കരുതി പിണറായി വിജയനോ ഇടതു മുന്നണിയോ അഹങ്കരിക്കരുത്. 35 വര്‍ഷം ഭരിച്ച ബംഗാളില്‍ ഒരു എംഎല്‍എയെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കേരളത്തിലെ 99 സീറ്റിന്റെ ബലത്തില്‍ ഇനി ഞങ്ങള്‍ ഇന്ത്യ പിടിക്കാന്‍ പോകുകയാണെന്ന് പറയുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

കേരളത്തില്‍ ബിജെപി ഇല്ലാതാകണം എന്നല്ല മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. യുഡിഎഫിനെ തകര്‍ക്കാന്‍ ഒരു വടി എന്ന നിലയില്‍ ബിജെപിയെ കാണുന്നു. യുഡിഎഫ് ജയിച്ച മണ്ഡലങ്ങളില്‍ ബിജെപി വോട്ട് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പറയുന്നു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍ഡിഎഫ് ആണ് ജയിച്ചതെന്ന് ഓര്‍ക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. തിരിച്ചടിയില്‍ പരസ്പരം ആരോപണമുയര്‍ത്തുന്നത് പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. പക്ഷേ, മുഴുവന്‍ പേരെയും മാറ്റിയാല്‍ ഉള്ളതുകൂടി പോകുമെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു.

നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിയത് കോണ്‍ഗ്രസാണ്. ബിജെപി വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായി. മുന്നണികള്‍ക്ക് നേമത്ത് വോട്ട് കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് കൂടി. പാര്‍ട്ടിയുടെ ഉന്നത സ്ഥാനം എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ പാര്‍ട്ടിയില്‍ നിരവധി പേരുണ്ടെന്നും നേമത്തെ വെല്ലുവിളി ഏറ്റെടുക്കാനാണ് ആളില്ലാത്തതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടിയാണ് നേമത്ത് ജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *