ബത്തേരി; ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാനായി ജാനുവിന് സുരേന്ദ്രന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. സി.കെ ജാനുവിന്റെ ഫോണുകള്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സി.കെ ജാനു ഉപയോഗിക്കുന്ന രണ്ട് ഫോണ്‍ ഉള്‍പ്പെടെ മൂന്ന് സ്മാര്‍ട്ട് ഫോണുകളാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
ജാനുവിന്റെയും സഹോദരന്റെ മകന് അരുണിന്റെയും മൊബൈല്‍ ഫോണുകളാണ് കസ്റ്റഡിയിലെടുത്തത്. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
കേസില്‍ പ്രതിയായ സി.കെ. ജാനുവിന്റെ തിരുനെല്ലി പനവല്ലിയിലെ വീട്ടില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. അതേസമയം കെ.സുരേന്ദ്രനും സി.കെ.ജാനുവും പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി നേതാക്കളെ പ്രതിചേര്‍ക്കും.
