ഓപറേഷന്‍ സ്‌മൈല്‍: പ്രത്യേക പരിശോധന നടത്തും

മലപ്പുറം: കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപറേഷന്‍ സ്‌മൈല്‍ പദ്ധതിയുടെ രണ്ടാംഘട്ട പരിശോധനകള്‍ ജനുവരിയില്‍ നടത്തും. ജില്ലയിലെ അനാഥാലയങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തുക. പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറായ ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി അബ്ദുല്‍ ഖാദര്‍ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളുടെയും പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും ആ മേഖലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തും. പരിശോധനകളിലെ കണ്ടെത്തലുകള്‍ ഒമ്പത്, 14, 19, 24, 30 തീയതികളിലായി സംസ്ഥാന സെല്ലിന് കൈമാറും. കുട്ടികളെ കാണാതായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളില്‍ നാല് മാസമായിട്ടും കണ്ടെത്താന്‍ കഴിയാത്തവ മനുഷ്യകടത്തുമായി ബന്ധപ്പെട്ട   ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 370 ല്‍ ഉള്‍പ്പെടുത്തി അന്വേഷണം തുടരും.

ജില്ലാ പൊലീസ് മേധാവിയുടെ സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ബാബു കാനപള്ളി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. ലീല, സബ് ഇന്‍സ്‌പെക്ടര്‍ രവി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *