കൊണ്ടോട്ടി: വൈവിധ്യമാര്‍ന്ന നമ്മുടെ സംസ്‌കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിച്ച ‘പക്ഷിപ്പാട്ടും, കുറത്തിപ്പാട്ടും’ മാപ്പിളപ്പാട്ട് കാവ്യ ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വിഭാഗത്തിന്റെയും സംസ്‌കാരവും തനതായ നേട്ടങ്ങളും ശൈലിയും ഉള്‍ക്കൊള്ളുന്നതാണ് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയെന്നും ഈ വലിയ സമൂഹത്തിന്റെ പാരമ്പര്യവും സാംസ്‌കാരവും ഉയര്‍ത്തി പിടിച്ചു നാടിന്റെ സാംസ്‌കാരിക നിലമായി സ്ഥാപനം നിലകൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയിലെ സര്‍ക്കാര്‍ വിഷവൈദ്യനായിരുന്ന കൈതക്കര സി.എ. ഹസന്‍കുട്ടിയാണ് കുറത്തിപ്പാട്ടിന്റെ രചയിതാവ്. കാസര്‍കോഡ് മെഗ്രാല്‍ സ്വദേശി നടുക്കണ്ടി അബ്ദുള്ളയാണ് പക്ഷിപ്പാട്ട് രചിച്ചത്. അറബി മലയാള ലിപിക്ക് പ്രചാരമുണ്ടായിരു കാലത്ത് പാടിപ്പതിഞ്ഞ പ്രാദേശിക സംസ്‌കാര മിത്തുകള്‍ അടങ്ങിയ ഈ കൃതികള്‍ പഠനത്തോടെയുള്ള പുസ്തക രൂപത്തിലാക്കിയത് ഇബ്രാഹിം ബേവിഞ്ചയാണ്.
മാപ്പിളകലാ അക്കാദമിയില്‍ നടന്ന പരിപാടിയില്‍ അക്കാദമി ചെയര്‍മാന്‍ സി.പി. സൈതലവി അധ്യക്ഷനായിരുന്നു. ബാലകൃഷ്ണന്‍ വള്ളിക്കുന്ന് പുസ്തകം ഏറ്റുവാങ്ങി. മുഖ്യമന്ത്രിക്കുള്ള ഉപഹാരസമര്‍പ്പണം എ.കെ. അബ്ദു റഹ്മാന്‍ നിര്‍വഹിച്ചു. കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി, മാപ്പിളപ്പാട്ട് ഗാനരചയിതാവ് ഒ.എം കരുവാരക്കുണ്ട്, അഷ്‌റഫ് മടാന്‍, ശ്രീധരന്‍ പാറക്കോട്, പി.പി മൂസ, റിയാസ് മുക്കോളി, ആനക്കച്ചേരി മൂസഹാജി, മാവണ്ടിയൂര്‍ അഹമ്മദ്കുട്ടി മൗലവി, സീതി.കെ.വയലാര്‍ എന്നിവര്‍ സംസാരിച്ചു.
