കര്‍ണാടകയിലെ തന്ത്രം ബിജെപിയെ ഗോവയില്‍ തിരിഞ്ഞുകൊത്തുന്നു.. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്

ബെംഗളൂരു: ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാതിരുന്ന ഗോവയിലെ ഗവര്‍ണറുടെ നടിപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ കോണ്‍-ജെഡിഎസ് സഖ്യത്തിന് മതിയായ ഭൂരിപക്ഷമുണ്ടായിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിന് പിന്നാലെയാണ് ഗോവയിലും പുതിയ രാഷ്ട്രീയ നാടകത്തിന് അരങ്ങൊരുങ്ങിയത്.ഇതിനായി ഗവര്‍ണറോട് നാളെ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതായി കോണ്‍ഗ്രസ് അറിയിച്ചു. നാളെ ഗോവ രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ഗോവയില്‍ 2017 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളായിരുന്നു കോണ്‍ഗ്രസ് നേടിയത്. കൂടാതെ എന്‍സിപി എംഎല്‍എ ആയ ചര്‍ച്ചില്‍ അലിമാവോ, സ്വതന്ത്ര എംഎല്‍എയായ രോഹന്‍ കോണ്‍, മറ്റ് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരും കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച്‌ രംഗത്തെത്തി. ഇതോടെ കേവല ഭൂരിപക്ഷമായ 21 ലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.തുടര്‍ന്ന് ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ തന്ത്രപരമായ ഇടപെടലുകളിലൂടെ ബിജെപി സ്വതന്ത്രരുടെ അടക്കം പിന്തുണ ഉറപ്പാക്കി. പിന്നാലെ ബിജെപി കേന്ദ്രമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രിയാക്കി അടവ് പയറ്റിയതോടെ

കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടി കാലുമാറി. ഇതോടെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞത്. പിന്നീട് നടന്ന വിശ്വാസവോട്ടെടുപ്പില്‍ 22 അംഗങ്ങളുടെ പിന്തുണ ബിജെപി നേടിയിരുന്നു. ഇതിനെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *