സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

റിയാദ്: വ്യാഴാഴ്ച പുലര്‍ച്ചെ സൗദിയിലെ രണ്ട് സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നു മലയാളികളുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. കൊല്ലം റോഡുവിള സ്വദേശികളായ പാരവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ സൈനുദ്ദീന്‍ (58), മകന്‍ സൈനുദ്ദീന്‍ നാജി (23), ചങ്ങരംകുളം കോക്കൂര്‍ സ്വദേശി സഹീര്‍ കോട്ടിരിഞ്ഞാലി (42) എന്നിവരാണ് മരിച്ച മലയാളികള്‍.

റിയാദില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ സാദിഖില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ് റോഡുവിള സ്വദേശികളായ മുഹമ്മദ് ഹനീഫ സൈനുദ്ദീനും മകന്‍ സൈനുദ്ദീന്‍ നാജിയും മരിച്ചത്. രണ്ടാമത്തെ വാഹനാപകടം ജിദ്ദ ലൈത്ത് റോഡ് ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു. ഇവിടെ നിര്‍ത്തിയിട്ട ട്രെയിലറിനു പിന്നില്‍ ഡയന ഇടിച്ചുണ്ടായ അപകടത്തിലാണ് കോക്കൂര്‍ സ്വദേശി സഹീര്‍ കോട്ടിരിഞ്ഞാലി മരിച്ചത്.

ഖരിയ അല്‍ ഉലയയില്‍ പതിനഞ്ചു വര്‍ഷത്തിലേറെയായി ചായക്കട നടത്തിവരികയായിരുന്നു സൈനുദ്ദീന്‍. ഒരു വര്‍ഷം മുന്‍പാണ് സൈനുദ്ദിന്റെ മകന്‍ സൈനുദ്ദീന്‍ നാജി സൗദിയിലെത്തിയത്. ഷാമി ട്രേഡിംഗ് കമ്ബനിയുടെ സെയില്‍സ്മാനാണ് മരിച്ച മുന്നാമന്‍ സഹീര്‍. തലക്ക് ഗുരുതരമായി മുറിവേറ്റ സഹീറിനെ ഹൈവേ പോലീസ് ജിദ്ദ മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലാണുള്ളത്. കോട്ടിരിഞ്ഞാലില്‍ കുഞ്ഞാപ്പു – ഖദീജ ദമ്ബതികളുടെ മകനാണ് സഹീര്‍.

Leave a Reply

Your email address will not be published. Required fields are marked *