മങ്കട: മങ്കട 66 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം മങ്കട ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മങ്കട പി.എച്ച്.സി. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പരിപാടിയില്‍ പ്രഖ്യാപിച്ചു. ഊര്‍ജവകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ് അധ്യക്ഷനായി. മങ്കട 66 കെ.വി സബ്സ്റ്റേഷന് യാഥാര്‍ഥ്യമാക്കുന്നതിന് പ്രവര്‍ത്തിച്ച വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും 10,000 രൂപ പാരിതോഷികവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ., മറ്റ് ജനപ്രതിനിധികള്‍, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന (ആര്.ജി.ജി.വി.വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മങ്കടയില്‍ 66 കെ.വി സബ്സ്റ്റേഷന് സ്ഥാപിച്ചത്. 5.25 കോടി ചെലവില്‍ പണിത സബ്സ്റ്റേഷനില്‍ 10 എം.വി.എ. ശേഷിയുള്ള ഒരു 66/11 കെ.വി. ട്രാന്‍സ്ഫോമറും ആധുനിക അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നിലവിലുള്ള മലപ്പുറം – പെരിന്തല്‍മണ്ണ ഫീഡറില്‍ ഇലച്ചോലയില്‍ നിന്ന് 1.5 കി.മീ ദൈര്‍ഘ്യം വരുന്ന 65 കെ.വി. ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മിച്ചാണ് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ചിട്ടുള്ളത്. നിലവിലുള്ള മലപ്പുറം- പെരിന്തല്‍മണ്ണ 66 കെ.വി ഫീഡറിന്റെ ശേഷി 110 കെ.വി.യായി ഉയര്‍ത്തുന്നതിനനുസരിച്ച് 110 കെ.വി.യാക്കി ഉയര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് മങ്കട സബ് സ്റ്റേഷന് നിര്‍മിച്ചിട്ടുള്ളത്. നിലവില്‍ സബ്സ്റ്റേഷനില്‍ നിന്നും 11 കെ.വി ഫീഡറുകളിലായി സമീപ പ്രദേശങ്ങളിലേക്ക് വൈദ്യുതി വിതരണം നടത്തുന്നുണ്ട്. രണ്ട് 11 കെ.വി. ഫീഡറുകള്‍ കൂടി കൊടുക്കാവുന്ന സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒരു 66/11 കെ.വി ട്രാന്‍ഫോമര്‍ കൂടി സ്ഥാപിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.
മങ്കട, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, ആനക്കയം പഞ്ചായത്തുകളില്‍പ്പെട്ട 50,000 ത്തോളം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭ്യമാകും. കൂടാതെ 33 കെ.വി മക്കരപ്പറമ്പ്, 220 കെ.വി മലാപ്പറമ്പ് സബ്സ്റ്റേഷനുകളില്‍ നിന്നുള്ള നിലവിലെ ഫീഡറുകളുടെ ലോഡ് കുറയുന്നതുകൊണ്ട്, ആ ഫീഡറുകളിലെ വോള്‍ട്ടേജ് വര്‍ധിക്കുന്നതിനും കാരണമാകും. നിലവിലുള്ള പ്രസരണ – വിതരണ ശൃംഖലയില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത് 66 കെ.വി സബ്സ്റ്റേഷനും അനുബന്ധ ലൈനുകളും പ്രസരണ – വിതരണ നഷ്ടം കുറയ്ക്കുന്നതിനും, കാര്യക്ഷമത വര്‍ധിപ്പിച്ച് ഗുണനിലവാരമുള്ള വൈദ്യുതി തടസ്സമില്ലാതെ ലഭിക്കുന്നതിനും സഹായകരമാകും.
സബ്സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം 2011 ഡിസംബര്‍ 31 ന് ഊര്‍ജവകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദാണ് നിര്‍വഹിച്ചത്. ഹൈദരബാദിലെ അസ്റ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് സബ്സ്റ്റേഷന്റെയും ലൈനിന്റെയും നിര്‍മാണപ്രവൃത്തി നിര്‍വഹിച്ചത്.
