തിരുവനന്തപുരം: സി പി ഐ എം പി ബി അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്ര വൈകുന്നേരം തിരുവനന്തപുരത്ത് സമാപിക്കും. സമാപന പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ ഒഎന്‍വിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഞായറാഴ്ച നിശ്ചയിച്ച മാര്‍ച്ച് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയത്. മൂന്ന് ലക്ഷത്തിലധികം പേരുടെ മഹാറാലിയോടെ തിങ്കളാഴ്ച വൈകിട്ട് മാര്‍ച്ച് ശംഖുംമുഖത്ത് സമാപിക്കും.
വരും നാളുകളെ സമര സജ്ജമാക്കി ജനലക്ഷങ്ങളുടെ ഹൃദയതാളമായി ഒരുമാസം നീണ്ട പ്രയാണത്തിനാണ് തലസ്ഥാനത്ത് പരിസമാപ്തി കുറിക്കുന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് നടന്ന സ്വീകരണ പരിപാടിക്കുശേഷം ശനിയാഴ്ച വൈകിട്ട് ജില്ലാ അതിര്‍ത്തിയായ തട്ടത്തുമലയിലെത്തിയ മാര്‍ച്ചിനെ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ വരവേറ്റു. ‘മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി 15ന് കാസര്‍കോട് ഉപ്പളയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പിബി അംഗം പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ജനങ്ങളുമായി ആശയവിനിമയം നടത്തിയാണ് മാര്‍ച്ച് സമാപിക്കുന്നത്. 116 കേന്ദ്രങ്ങളില്‍ സ്വീകരണം ലഭിച്ചു. 30 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നിന്നുള്ള ജനങ്ങള്‍ തിങ്കളാഴ്ച ശംഖുംമുഖത്തെ സമാപനറാലിയില്‍ പങ്കെടുക്കും.
