കൈ വിട്ട കളിയില്‍ ജെ എന്‍ യു

ന്യൂഡല്‍ഹി: ജെ എന്‍ യുവില്‍ പൊട്ടിമുളച്ച വിവാദം കൈവിടുകയാണ് ദേശീയരാഷ്ട്രീയത്തില്‍. രാജ്യ തലസ്ഥാനം കത്തുമ്പോഴും വീണ വായിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നത്. ജുഡീഷ്യറിയുടെ പരമോന്നത സഭയായ സുപ്രീം കോടതിക്ക് അസാധാരണമാം വിധം ഇടപെടേണ്ട സാഹചര്യവും ഇന്നുണ്ടായി. ജെ എന്‍ യുവില്‍ നിന്ന് അറസ്റ്റിലായ വിദ്യാര്‍ഥി കനയ്യയുടെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് രണ്ടു വരെ നീട്ടി. കോടതിയിലെത്തിയ കനയ്യയ്ക്ക് മര്‍ദനമേറ്റ സംഭവും ഇന്നുണ്ടായി. കനയ്യയുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി പൊലീസിന് സുപ്രീം കോടതി ഉത്തരവ് നല്കിയിട്ടുണ്ട്. കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോഴാണ് ഇന്ന് കോടതി വളപ്പില്‍ അക്രമം അതിരുവിട്ടത്. അഭിഭാഷകരുടെ വേഷത്തില്‍ പോലും ആര്‍ എസ് എസുകാര്‍ അക്രമത്തിന് നേതൃത്വം നല്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇന്നത്തെ സംഘര്‍ഷത്തില്‍ മര്‍ദനമേല്‍ക്കേണ്ടി വന്നു. പൊലീസിന് സംഭവത്തില്‍ വേണ്ട വിധത്തില്‍ ഇടപെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടപെട്ടത്. സീനിയര്‍ അഭിഭാഷകരുടെ ഒരു സംഘത്തെ പട്യാല കോടതിയിലേക്ക് അയക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഈ സംഘത്തെയും മുദ്രാവാക്യം വിളികളോടെയാണ് ഒരു സംഘം അഭിഭാഷകര്‍ നേരിട്ടത്. കോണ്‍ഗ്രസ് നേതാവു കൂടിയായ കപില്‍ സിബലിനെതിരെയായിരുന്നു മുദ്രാംവിളി ഉയര്‍ന്നത്. ഡല്‍ഹി പൊലീസിനെതിരെ കോടതി പറഞ്ഞുകഴിഞ്ഞു. 10 മിനുട്ടില്‍ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്. ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷം ഒന്നിക്കുന്ന അവസ്ഥയാണുള്ളത്. വരും ദിനങ്ങളിലും ജെ എന്‍ യു രാഷ്ട്രീയം കത്തുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *