പ്രതിഷേധത്തിനിടെ സ്മാര്‍ട്ട്‌സിറ്റി നാടിനു സമര്‍പ്പിച്ചു

കൊച്ചി: പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി നാടിനു സമര്‍പ്പിച്ചു. കേരളത്തിന്റെ ഐടി മേഖലയിലെ കുതിപ്പിന് ആക്കംകൂട്ടിക്കൊണ്ടുളള മലയാളികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ആറര ലക്ഷം ചതുരശ്ര അടി ഐടി ടവര്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടമാണ് രാജ്യത്തിനു സമര്‍പ്പിച്ചത്. രണ്ടാംഘട്ടം നിര്‍മാണോദ്ഘാടനവും ഇതിനൊപ്പം നടന്നു. മൂന്നു ഘട്ടങ്ങളായി നിര്‍മാണം നടത്തുന്ന പദ്ധതി 2020 ഓടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആദ്യ ഐടി ടവറിലെ സ്ഥലത്തിന്റെ മുക്കാല്‍ പങ്കും 27 ഐടി കമ്പനികള്‍ പാട്ടത്തിനെടുത്തിട്ടുണ്ട് അവയില്‍ പലരും ഇന്റീരിയര്‍ ജോലികളും ആരംഭിച്ചു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതെന്നാരേപിച്ച്് പ്രതിപക്ഷം സ്മാര്‍ട്ട് സിറ്റിക്കുമുമ്പില്‍ സമരം നടത്തി. മുഖ്യമന്ത്രിക്കും, മന്ത്രി ബാബുവിനെതിരെയും ഇടത്പക്ഷം നടത്തുന്ന സമരത്തിന്റെ ഭാഗം കൂടിയാണ് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങില്‍ നിന്നും മാറി നില്‍ക്കുന്നതെന്നും പറയുന്നു.
സ്മാര്‍ട്‌സിറ്റി പദ്ധതി പ്രദേശത്തു നടന്ന വര്‍ണാഭമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പദ്ധതിയുടെ ആദ്യഘട്ടം രാജ്യത്തിനു സമര്‍പ്പിച്ചത്. സ്മാര്‍ട്‌സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ് അദ്ധ്യക്ഷനായിരുന്നു. യുഎഇ മന്ത്രിയും ദുബായ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബായ് ഹോള്‍ഡിംഗ്‌സ് വൈസ് ചെയര്‍മാനും എംഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, വ്യവസായ, ഐടി-വകുപ്പ് മന്ത്രിയും കൊച്ചി സ്മാര്‍ട്‌സിറ്റി ചെയര്‍മാനുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സ്മാര്‍ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഐബിഎസ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, കൊച്ചിന്‍ സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ എ.എന്‍. സഫീന, ജാബിര്‍ ബിന്‍ ഹാഫിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *