തിരൂര്‍: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം തിരൂരില്‍ തുടങ്ങി. രാവിലെ 10ന് രോഹിത് വെമുല നഗറില്‍ ചലച്ചിത്ര സംവിധായകന് രഞ്ജിത് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. രക്തസാക്ഷികളുടെ സ്മരണകളില്‍ ത്രസിച്ചുനിന്ന സമ്മേളന നഗരിയില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് ശുഭ്രപതാകയുയര്‍ത്തിയതോടെയാണ് പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. പുതിയ കാലത്തെ ഉത്തരവാദിത്തം ഏത് പ്രതിസന്ധിയിലും പതറാതെ ഏറ്റെടുക്കുമെന്ന് സംസ്ഥാനത്തെ കര്‍മധീരരായ യുവനേതൃത്വം പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാക്കള്‍, പ്രവര്‍ത്തകര്‍, കലാ സാംസ്കാരിക മേഖലയില്‍നിന്നുള്ളവര്‍, അനശ്വര രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു. വിദ്യാര്‍ഥി പ്രവര്‍ത്തകനായിരിക്കെ രക്തസാക്ഷിത്വംവരിച്ച സെയ്താലിയുടെ ജന്മദേശമായ പുലാമന്തോള്‍ കട്ടുപ്പാറയില്നിന്ന് കൊണ്ടുവന്ന ദീപശിഖയില് സംസ്ഥാന സെക്രട്ടറി എം സ്വരജ് ദീപം കൊളുത്തി. തുടര്‍ന്ന് പ്രതിനിധികള്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ടി വി രാജേഷിന്റെ താല്കാലിക അധ്യക്ഷതയിലാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് പി പി ദിവ്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു. രക്തസാക്ഷികളായ പ്രദീപന്, കോട്ടീരി നാരായണന്, സുബ്രഹ്മണ്യന് എന്നിവരുടെ കുടുംബാംഗങ്ങള്‍ വേദിയിലുണ്ടായിരുന്നു. മുതിര്‍ന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി, ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങള്‍, തിരൂര്‍ മുനിസിപ്പല്‍ ചെയര്മാന് എസ് ഗിരീഷ് , സ്വാഗതസംഘം ചെയര്മാന് പി ശ്രീരാമകൃഷ്ണന് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിനുശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു. ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി സംഘടനാ റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി എം സ്വരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ കണക്കും അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം പ്രതിനിധികള്‍ ജില്ല തിരിഞ്ഞ് ഗ്രൂപ്പുചര്‍ച്ച ആരംഭിച്ചു. ബുധനാഴ്ച പൊതുചര്‍ച്ച നടക്കും. ചൊവ്വാഴ്ച വൈകിട്ട് ഒഎന്‍വി സംഗമം എം എ ബേബി ഉദ്ഘാടനം ചെയ്യും
