തിരുവനന്തപുരം: കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറായി . ഓരോ മണ്‍ലത്തിലും നാല് പേരടങ്ങുന്ന ലിസ്റ്റ് ഉടന്‍ ഐകമാന്റിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറാക്കിയത്. ഇതോടെ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളും ആരംഭിച്ചു. തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്.
തിരുവനന്തപുരത്ത് യുഡിഎഫ് നേതൃയോഗം സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു തുടക്കം കുറിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കണ്‍വെന്‍ഷനുകളും ചേരുന്നുണ്ട്. രാവിലെ തിരുവനന്തപുരത്തും ഉച്ചകഴിഞ്ഞ് കൊല്ലത്തുമാണു കണ്‍വന്‍ഷന്‍ നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളിലേക്കിറങ്ങുക എന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്.
യുഡിഎഫ് യോഗത്തിനു മുമ്പു തന്നെ ഘടകകക്ഷികള്‍ അവകാശവാദവുമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്്. കൂടുതല്‍ സീറ്റുകള്‍ക്ക് തങ്ങള്‍ അവകാശവാദം ഉന്നയിക്കില്ലെന്നു മുസ്‌ലിംലീഗ് പറഞ്ഞിട്ടുണ്ട്. തര്‍ക്കങ്ങള്‍ ഒഴിവാക്കി സീറ്റ് വിഭജനം കഴിവതും വേഗം പൂര്‍ത്തിയാക്കി ഐക്യത്തോടെ യുഡിഎഫ് തെരഞ്ഞെടുപ്പു രംഗത്ത് ഇറങ്ങണമെന്ന ആവശ്യമാണ് ലീഗ് മുന്നോട്ടുവയ്ക്കുന്നത്. സര്‍ക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാമെന്നാണ് ലീഗിന്റെ പക്ഷം.
കഴിഞ്ഞ തവണ ഇരുപത്തിനാലു സീറ്റില്‍ മത്സരിച്ച ലീഗ് ഇരുപതു സീറ്റില്‍ വിജയിച്ചിരുന്നു. ഇത്തവണയും അവര്‍ 24 സീറ്റാണ് ആവശ്യപ്പെടുന്നത്. ചുരുക്കം ചില സീറ്റുകള്‍ വച്ചുമാറുന്നതിനുള്ള സാധ്യത പരിഗണിക്കുമെന്നു മാത്രം. കൊല്ലം ജില്ലയിലെ ഇരവിപുരം സീറ്റ് ഉദാഹരണം. ആര്‍എസ്പിയുടെ സിറ്റിംഗ് സീറ്റായ ഇരവിപുരം ലീഗ് വിട്ടുകൊടുക്കേണ്ടി വരും. അങ്ങനെവന്നാല്‍ പുതിയ സീറ്റ് കണ്ടെത്തണം.
മറ്റു ഘടകകക്ഷികളെല്ലാം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. കേരള കോണ്‍ഗ്രസ്- എം 20 സീറ്റ് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. കഴിഞ്ഞ തവണ 15 സീറ്റിലാണു പാര്‍ട്ടി മത്സരിച്ചത്. ജനതാദള്‍ -യു പത്തു സീറ്റും ആര്‍എസ്പി എട്ടു സീറ്റും ആവശ്യപ്പെടുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് -ജേക്കബ് നാലു സീറ്റുകള്‍ ആവശ്യപ്പെടും. കഴിഞ്ഞ തവണ മൂന്നു സീറ്റിലാണു പാര്‍ട്ടി മത്സരിച്ചത്. ജെഎസ്എസ്, സിഎംപി പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് വീതമായിരിക്കും പരമാവധി അനുവദിക്കുക. സ്ഥാനാര്‍ഥികള്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇതിനിടെ സീറ്റിന്റെ പേരില്‍ കേരള കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടുന്ന പ്രതിസന്ധിയില്‍ യുഡിഎഫിന് ആശങ്കയുണ്ട്. യുഡിഎഫ് പ്രകടനപത്രിക ഈ മാസം 15 നു പുറത്തിറക്കും.
