കണ്ണൂര്‍: വളപട്ടണം പുതിയതെരുവില്‍ ബിജെപി ഓഫീസിന് നേരെ ആക്രമണം. ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ചിറക്കല്‍ ധനരാജ് തീയേറ്ററിന് സമീപത്തുള്ള പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിയുകയായിരുന്നു.
ഓഫീസിന് മുന്നില്‍ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കന് ഗുരുതരമായി പൊള്ളലേറ്റു. വളപട്ടണം മൂപ്പന്പ്പാറയിലെ സുരേശനാണ് (53) പരിക്കേറ്റത്. ദേശീയ പാതയിലെ വാഹന യാത്രക്കാര്‍ നല്കിയ വിവരമറിഞ്ഞ് വളപട്ടണം പോലീസ് എത്തി തീ കെടുത്തി.
ഓഫീസിനകത്തുണ്ടായിരുന്ന ബോര്‍ഡുകളും കൊടികളും കത്തിനശിച്ചു. മേല്കൂരയ്ക്ക് ഭാഗികമായി തീപിടിച്ചു.പരിക്കേറ്റ സുരേശനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് വാതില്‍ തകര്ത്ത്അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ചിറക്കല്‍ കടലായി ക്ഷേത്ര പരിസരത്തെ കൊടികളും നശിപ്പിച്ച് പ്രവര്‍ത്തകനായ അര്‍ജുന്റെ വീടിന്റെ വരാന്തയില്‍ കൊണ്ടിട്ട നിലയിലാണ്.പൊതുവെ സമാധാനം നിലനില്‍ക്കുന്ന ചിറക്കല്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ബോംബെറിഞ്ഞതിന് പിന്നില്ലെന്ന് ബിജെപി ചിറക്കല്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
