ഇനിയും യുവതികളെ പ്രവേശിപ്പിക്കാന്‍ തുനിഞ്ഞാല്‍ സമരത്തിന്റെ രൂപം മാറും: സര്‍ക്കാരിന് മുന്നറിയിപ്പുമായി കെ.പി.ശശികല

തിരുവനന്തപുരം: ഇനി എന്തൊക്കെ സംഭവിച്ചെന്ന് പറഞ്ഞാലും ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നതില്‍ നിന്ന് ഭക്തര്‍ ഒരു കാരണവശാലും പിന്നോട്ടുപോകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു. തങ്ങള്‍ പാലിക്കുന്ന ആചാരത്തെയും വിശ്വാസത്തെയും അവര്‍ ജീവന് തുല്യമായാണ് കണക്കാക്കുന്നത്. ഒരു ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ രൂപവും ഭാവവുമൊക്കെ നിശ്ചയിക്കപ്പെടുന്നത് ഭക്തരുടെ മനസിലാണ്. അതിന് കോട്ടം സംഭവിക്കുന്ന യാതൊന്നിനും അവര്‍ കൂട്ടുനില്‍ക്കില്ല. നീതിയ്ക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ഭക്തര്‍ തോറ്റുപോയാല്‍, നാളെ നമ്മുടെ നാടിന് ശാന്തിയും സമാധാനവും ഇല്ലാതാകും എന്നതില്‍ ഒരു സംശയവും വേണ്ട. കെ.പി. ശശികല ‘ഫ്ളാഷി’നോട് സംസാരിക്കുന്നു:

വരുന്നവരൊന്നും ഭക്തരല്ല

ശബരിമല സന്ദര്‍ശനത്തിന്റെയും അയ്യപ്പ ദര്‍ശനത്തിന്റെയും പേര് പറഞ്ഞെത്തുന്ന യുവതികളൊന്നും ഭക്തരല്ല. ശബരിമലയേയും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളേയും തകര്‍ക്കുകയെന്ന വ്യക്തമായ അജണ്ടയുള്ളവരാണ് എത്തുന്നത്. ആചാര ലംഘനവും ക്ഷേത്രം തകര്‍ക്കുകയുമാണ് അവരുടെ ഉദ്ദേശം. രാത്രിയുടെ മറവില്‍ ആംബുലന്‍സില്‍ ഒളിച്ചുകടക്കുന്നവരാണോ ഭക്തര്‍? ട്രോളിയ്ക്ക് കൊടുക്കാന്‍ പണമില്ലാത്തതുകൊണ്ട് ഒന്ന് പോകാനും അയ്യനെ കാണാനും കൊതിച്ചിട്ട് അത് നടക്കാതെയിരിക്കുന്ന വൃദ്ധരായ സ്ത്രീകളുണ്ട്. അവരെയൊന്നും കൊണ്ടുപോകാതെ ആക്ടിവിസ്റ്റുകളായ ഭക്തരല്ലാത്ത മാവോവാദികളായ സ്ത്രീകളെ കൊണ്ടുപോകുന്നത് വ്യക്തമായ അജണ്ടയോടുകൂടി തന്നെയാണ്.

മുഖ്യമന്ത്രി മാവോ വാദികള്‍ക്കൊപ്പം

പൊലീസിലെ ചെറിയഭാഗം, പ്രത്യേകിച്ച്‌ കോട്ടയം എസ്.പിയും മുഖ്യമന്ത്രിയുമാണ് ഇത്തരത്തില്‍ ശബരിമലയെ തകര്‍ക്കാനെത്തുന്ന മാവോവാദികളെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത്. അരാജക വാദികളുടെ നക്സലിസത്തെ എതിര്‍ത്ത് തോല്‍പ്പിച്ച നാടാണിത്. ഇപ്പോള്‍ അത് വീണ്ടും പലരൂപത്തില്‍ തിരിച്ചുവരികയാണ്. അതിന് നാടിന്റെ ഭരണാധികാരിതന്നെ പിന്തുണ കൊടുക്കുകയും ചെയ്യുന്നു.

സമരവുമായി മുന്നോട്ട് തന്നെ

സമരവുമായി ശക്തമായ രീതിയില്‍ മുന്നോട്ടുപോകും. ഇനിയുള്ള പരിപാടികള്‍ ബി.ജെ.പിയുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കും. ഇതുവരെ കേരളം കണ്ട സമര രൂപവും ഭാവവും ആയിരിക്കില്ല ഇനിയങ്ങോട്ട് ഞങ്ങളുടേത്.

ശബരിമല കര്‍മ്മസമിതിയുടെ ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനിക്കും. ഞങ്ങളുടെ ഏറ്റവും വലിയ ശക്തി കേരളത്തിലെ സമുദായ സംഘടനകളാണ്. അവരുമായി കൂടിയാലോചിക്കേണ്ടതുണ്ട്.

അത് കൊലപാതകം

പന്തളത്ത് കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്റേത് വെറും അപകട മരണമല്ല, കൊലപാതകമാണ്. പ്രതികളെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ ഇതിനോടകംതന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം ടേബിളിലേക്ക് കൊണ്ടുപോകുമ്ബോള്‍തന്നെ മുഖ്യമന്ത്രി മരണകാരണവും വിശദീകരിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് ഇരുന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ കാര്യം അദ്ദേഹം പറയുന്നു. വൈദ്യശാസ്ത്രം പഠിച്ചവരേക്കാള്‍ മിടുക്കനാണ് അദ്ദേഹം.

വെല്ലുവിളിക്കുന്നത് എന്തിന്?

ഹര്‍ത്താലില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് മാദ്ധ്യമങ്ങളാണ് അന്വേഷിക്കേണ്ടത്. അതിന് ഉത്തരം പറയേണ്ടത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരല്ല. കേരളത്തിലിപ്പോഴും ജനാധിപത്യം തന്നെയാണ് നിലനില്‍ക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, ഹൃദയം തകര്‍ന്ന ഒരുവിഭാഗം ആളുകള്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുമ്ബോള്‍ അതിനിടയില്‍ വെല്ലുവിളിച്ചുകൊണ്ട് കയറിവരുന്നവരെ ആരും നിയന്ത്രിക്കാത്തത് എന്തുകൊണ്ടാണ്? അങ്ങനെയൊരു വെല്ലുവിളിയുടെ സംസ്കാരം വളര്‍ത്തിക്കൊണ്ടുവന്നാല്‍ എന്താണ് കേരളത്തിന്റെ ഭാവി. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ ഏതെങ്കിലും ഒരു പ്രതിഷേധ പ്രകടനം സമാധാനപരമായി സാദ്ധ്യമാകുമോ. മാദ്ധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതില്‍ സംഘടനയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *