മലപ്പുറം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മലയാളികളുടെ വന്‍തോതിലുള്ള തിരിച്ചുവരവ് സര്‍ക്കാര്‍ ഗൗരവമായി കൈകാര്യം ചെയ്യണമെന്നും അവരുടെ പുനരധിവാസത്തിന് ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യണമെന്ന് മലപ്പുറം എം.എല്‍. ഉബൈദുള്ള പറഞ്ഞു. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്യോഗസ്ഥ മേഥാവിത്വത്തിന്റെ ചരടുകളില്ലാത്ത പ്രത്യേക പാക്കേജുകള്‍ കൊണ്ടുവരണം. നൂലാമാലകളില്ലാതെ ബാങ്ക് ലോണ്‍ ലഭിക്കുന്നതിനും സര്‍ക്കാരിന്റെ ഇടപെടല്‍ വേണം. സൗദി അറേബ്യയില്‍ നിന്നും മറ്റു ഗള്‍ഫ് നാടുകളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ജോലി നഷ്ടപ്പെട്ട് മടങ്ങുന്നത്. അവരെ പുനരധിവസിപ്പിക്കുന്നതിന്റെ ബാധ്യത സര്‍ക്കാരിനുണ്ട്. അരങ്ങ് ഐക്യവേദി സംഘടിപ്പച്ച ‘പ്രവാസി സംഗമം’ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരുമ്പുഴി പുളിയേങ്ങല്‍ നസാഹ് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ‘പ്രവാസി സംഗമം’ അരങ്ങേറിയത്.
പ്രവാസ ജീവിതം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സമകാലീന അവസ്ഥയില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് നടത്തിയ സെമിനാറില്‍ കെ.എന്‍.എ കാദര്‍ എം. എല്‍.എ .പാലോളി അബ്ദുല്‍ റഹ്മാന്‍ (കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ്)പി.ആര്‍. രോഹില്‍ നാഥ് (മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍) ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് പി.ടി..സുനീറ, കഥാകൃത്ത് അബു ഇരിങ്ങാട്ടിരി, നോവലിസ്റ്റ് ഹനീഫ കൊച്ചനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തിരിച്ചെത്തിയവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നാട്ടില്‍ തുടങ്ങാവുന്ന വിവിധ സംരംഭങ്ങളെക്കുറിച്ച് ഈ രംഗത്തെ വിദഗ്ദന്‍ അമീര്‍ ഷാ പാണ്ടിക്കാട് സംസാരിച്ചു.ചാനല്‍ റിയാലിറ്റി ഷോയില്‍ തിളങ്ങിയ പ്രമുഖ ഗായകനായ നംഷാദിന്റെ സംഗീത മേളയും, ആനക്കയം പഞ്ചായത്തിലെ ആറ് അങ്കണവാടികളില്‍ നിന്നുള്ള കൊച്ചു കുട്ടികളുടെ കലാ പ്രകടനവും പ്രവാസി സംഗമത്തിന് പൊലിയ പകര്‍ന്നു.
മൂന്ന് പതിറ്റാണ്ടോളമായി സൗദി അറേബ്യയില്‍ കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് ‘ അരങ്ങ് ‘ . ഈ സംഗമത്തിലൂടെ അരങ്ങ് എന്ന കൂട്ടായ്മയുടെ നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി തുടക്കം കുറിക്കുകയാണെന്ന് പ്രസിഡന്റ് വി.ഖാലിദ് അറിയിച്ചു.
