ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ മാല്‍ഡയില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറങ്ങുന്നതിന് മുഖ്യമന്ത്രി മമത ബാനര്‍ജി അനുമതി നിഷേധിച്ചു. ചൊവ്വാഴ്ച മാല്‍ഡയില്‍ നടക്കാനിരിക്കുന്ന ബി.ജെ.പി റാലിയില്‍ പെങ്കടുക്കുന്നതിനാണ് അമിത് ഷാ ബംഗാളിലെത്തുന്നത്. മാല്‍ഡ എയര്‍പോര്‍ട്ടിലെ ഹെലിപാഡില്‍ അറ്റകുറ്റപണികള്‍ നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മമത അമിത് ഷായുടെ ഹെലികോപ്ടര്‍ ലാന്‍ഡിങിന് അനുമതി നിഷേധിച്ചത്.
എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഇതേ ഹെലിപാഡില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് മമത ബാനര്‍ജി ഹെലികോപ്ടറിറങ്ങിയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. “ഹെലിപാഡിെന്റ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ അറ്റകുറ്റപണികള്‍ നടക്കുകയോ നിര്‍മ്മാണ വസ്തുക്കള്‍ കൂട്ടിയിടുകയോ ചെയ്തിട്ടില്ല. നിലവില്‍ ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന സ്ഥിതി അവിടെയുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ നിരത്തി മമത ബാനര്‍ജി അധികാരം ദുരുപയോഗം ചെയ്യുകയാണ്. അമിത് ഷാക്ക് ലാന്‍ഡിങ് അനുമതി നിഷേധിച്ചത് രാഷ്ട്രീയ പകപോക്കലാണ്.” രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
‘മാല്‍ഡ ഡിവിഷനിലെ എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് പ്രകാരം എയര്‍പോര്‍ട്ടില്‍ അറ്റകുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റണ്‍വേയില്‍ നിര്‍മാണ സാമഗ്രികള്‍ പലതും കൂട്ടിയിട്ടിരിക്കയാണ്. പണികള്‍ നടക്കുന്നതിനാല്‍ താല്‍ക്കാലിക ഹെലിപാഡ് സജ്ജമാക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം എയര്‍പോര്‍ട്ടിലില്ല.’- എന്നാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഒൗദ്യോഗികമായി അറിയിച്ചത്.
