ദില്ലി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. റഫാല്‍ കരാര്‍ ഒപ്പിട്ടത് പ്രതിരോധ മന്ത്രി പോലും അറിയാതെയാണെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടന്ന വാര്‍ത്ത ഞെട്ടല്‍ ഉണ്ടാക്കി. പ്രധാനമന്ത്രി ഫ്രാന്‍സില്‍ പോയി വിമാനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി കരാര്‍ ഉണ്ടാക്കിയത് നിയമപരമായി തെറ്റാണെന്നും എ കെ ആന്റണി പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തിനെ മറി കടന്നു പ്രധാനമന്ത്രി യുടെ ഓഫീസ് ഇടപെട്ടു. ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കിയത് ദേശതാല്പര്യത്തിനു എതിരാണെന്നും ആന്റണി വ്യക്തമാക്കി.ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കേ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വെളിപ്പെടുത്തല്‍.
പ്രതിരോധവകുപ്പിനെ മറികടന്ന് റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരചര്‍ച്ച നടത്തിയെന്ന വിവരം ഒടുവില്‍ പുറത്തായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഒടുവില്‍ മോദി പിടിക്കപ്പെട്ടു. താന്‍ പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. മോദിയ്ക്ക് കാവല്‍ക്കാരന്റെയും കള്ളന്റെയും മുഖമാണെന്നും രാഹുല്‍ ആഞ്ഞടിച്ചു.
റഫാലിനെപ്പോലൊരു നിര്‍ണായക ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഇന്ത്യയുടെ വിലപേശല്‍ ശേഷിയെ കാര്യമായി ബാധിയ്ക്കുമെന്നാണ് മുന്‍ പ്രതിരോധസെക്രട്ടറി ജി.മോഹന്‍ കുമാര്‍ ഫയലില്‍ എഴുതിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് റഫാല്‍ ഇടപാടില്‍ ഇടപെടുന്നതില്‍ പ്രതിരോധവകുപ്പിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ രേഖ.
