ആഘോഷലഹരിയില്‍ അരീക്കോട്


അരീക്കോട്: ആദ്യമായി നാട്ടിലേക്കെത്തിയ ജില്ലാ സ്‌കൂള്‍ കലോത്സവത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അരീക്കോടന്‍ ജനതാ. സംഘാടകര്‍ക്കൊപ്പം കൈമെയ് മറന്ന് മത്സരാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി നാട്ടുകാര്‍ ഒന്നടങ്കമുണ്ട്. ഇന്നലെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. പതിവിന് വിപരീതമായി കൃത്യസമയത്ത് തന്നെ മത്സരങ്ങള്‍ ആരംഭിച്ചു.
വിവിധ വിഭാഗങ്ങളില്‍ ചിത്രരചന (പെന്‍സില്‍),ജലച്ചായം, കാര്‍ട്ടൂണ്‍, എണ്ണച്ചായം, കൊളാഷ്, കഥാരചന, കവിതാരചന, ഉപന്യാസം, മൃദംഗം, തബല, ട്രിപ്പിള്‍/ജാസ്, കഥകളിസംഗീതം, കഥാപ്രസംഗം, ശാസ്ത്രീയ സംഗീതം, മലയാളപ്രസംഗം, ഹിന്ദി പ്രസംഗം, സംസ്‌കൃതം സിദ്ധരൂപോച്ചാരണം, ഗദ്യപാരായണം, പ്രശ്‌നോത്തരി, അറബിക് പദകേളി, തര്‍ജ്ജമ, ക്വിസ്, ഉപന്യാസം, പദപ്പയറ്റ്, പോസ്റ്റര്‍ നിര്‍മാണം, നിഘണ്ടു നിര്‍മാണം, പ്രശ്‌നോത്തരി, അറബിക് ക്യാപ്ഷന്‍ രചന, കഥാരചന, കവിതാരചന എന്നീ മത്സരങ്ങള്‍ നടന്നു.
സംഘാടക സമിതിക്ക് പുറമെ പ്രാദേശിക ജനകീയ കമ്മിറ്റികളും കൈമെയ് മറന്ന് മേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. 18 സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.  17 സബ്ജില്ലകളില്‍ നിന്നായി 8000 ഓളം വിദ്യാര്‍ത്ഥികള്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി മത്സരിക്കുന്നുണ്ട്. സംസ്‌കൃതം, അറബിക് അടക്കം 300 ഇനങ്ങളിലാണ് മത്സരം. അരീക്കോട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വളപ്പിലും  ഐടിഐ റോഡിന് സമീപത്തുമായി 16 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.അരീേക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളിലാണ് രചനാ മത്സരങ്ങള്‍ നടന്നത്.
കലോത്സവ നഗരിയില്‍ കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലാണ് വേദികള്‍. 1000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം നല്‍കുന്നുണ്ട്. പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പായസമടക്കമുള്ള ഭക്ഷണം ഒരുങ്ങുന്നത്. മത്സരങ്ങള്‍ വൈകുന്നത് പതിവാകുന്ന കലോത്സവത്തില്‍ നിന്ന് വ്യത്യസ്തമായി സമയക്രമം പാലിക്കാന്‍ സംഘാടകരുടെ പ്രത്യേക ശ്രദ്ധ നല്‍കിയത് വിജയമായി. രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ മത്സരാര്‍ത്ഥി പങ്കെടുക്കുന്ന സ്‌കൂള്‍ പ്രധാനാധ്യാപകന്റെയോ ചുമതലയുള്ള അധ്യാപകന്റെയോ സത്യവാങ്മൂലം എഴുതി വാങ്ങിയിരുന്നു. മൂന്നുതവണ മത്സരാര്‍ഥിയെ വിളിച്ച് എത്തിയില്ലെങ്കില്‍ മത്സരിക്കാന്‍ അയോഗ്യതയുണ്ടാവും. ഇത് ഉറപ്പാക്കാനാണ് സത്യവാങ്മൂലം വാങ്ങിയത്.

 

തുടക്കം വര്‍ണാഭമായ ഘോഷയാത്രയോടെ:

മലപ്പുറം: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി അരീക്കോട് നിന്ന് പ്രധാന വേദിയിലേക്ക് നടന്ന വര്‍ണാഭമായ ഘോഷയാത്ര അരീക്കോട് ജി.എം.യു.പി സ്‌കൂളില്‍ മലപ്പുറം ഡി.വൈ.എസ്.പി എ.ഷറഫുദ്ദീന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.പി.കെ ബഷീര്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പറമ്പന്‍ ലക്ഷ്മി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.സഫറുള്ള  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കേരളത്തിന്റെ തനതായ കലകളെയും പരമ്പരാഗത കലകളെയും കോര്‍ത്തിണക്കിയ നിശ്ചല ദൃശ്യങ്ങളില്‍ കഥകളിയുടെ ഒരാള്‍ പൊക്കത്തിലുള്ള പച്ച രൂപം ശ്രദ്ധേയമായി. മതസൗഹാര്‍ദത്തിന്റെ ദൃശ്യവത്ക്കരണവും ജില്ലയില്‍ സാക്ഷരതാമിഷന്റെ നേട്ടങ്ങളും ഉള്‍പ്പെടുത്തിയ നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയെ വര്‍ണാഭമാക്കി. അരീക്കോടിന്റെ കായിക പാരമ്പര്യം ഓര്‍മപ്പെടുത്തി ഫുട്‌ബോള്‍ അക്കാദമിയിലെ കുട്ടികള്‍ ജഴ്‌സിയണിഞ്ഞ് പന്തുകളുമായി ചേര്‍ന്നത്  ഘോഷയാത്രയുടെ മാറ്റുകൂട്ടി.

17 ഉപജില്ലകളില്‍ നിന്നായി 3000 ത്തില്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഘോഷയാത്രയില്‍  നാട്ടുകാരുടെ സാന്നിധ്യം ശ്രദ്ധേയമായി. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, ടി.ടി.ഐ, ബി.എഡ്. കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെയും കിഴിശ്ശേരി, കൊണ്ടോട്ടി, മൊറയൂര്‍, വാഴക്കാട് സ്‌കൂളുകളിലെയും വിദ്യാര്‍ഥികളും സ്റ്റുഡന്‍സ് പോലീസും പങ്കെടുത്തു. കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *