മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിനെ കൂടുതല്‍ സുന്ദരിയാക്കുന്നതിനുള്ള ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സമഗ്ര മാസ്റ്റര്‍പ്ലാനിന്റെ ആദ്യ ഘട്ടത്തിലുള്ള വിവിധ പദ്ധതികളുടെ നിര്‍മാണം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സൈക്കിള്‍ ട്രാക്ക്, മിറാക്കിള്‍ ഗാരഡന്‍, പാര്‍ട്ടി ഹാള്‍, നടപ്പാതയുടെ ഹരിത വത്കരണം എന്നിയുടെ നിര്‍മാണമാണ് തുടങ്ങിയത്. രണ്ട് കോടി ചെലവില്‍ മൂന്ന് മാസത്തിനകം പദ്ധതികള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി.
നൂറ് കോടി ചെലവിലാണ് കോട്ടക്കുന്ന് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നത്. മൂന്ന് മീറ്റര്‍ വീതിയുള്ള നടപ്പാതയുടെ പകുതിയോളം അര്‍ധ വൃത്താകൃതിയിലാണ് നടപ്പാതയില്‍ തണല്‍ വിരിക്കുന്നത്. വിവിധ ചെടികളാണ് ഇതിന് ഉപയോഗിക്കുക. കോട്ടക്കുന്നില്‍ നിന്നുള്ള കാഴ്ചയ്ക്ക് തടസ്സമാവാത്ത രീതിയില്‍ 800 മീറ്ററോളം ചെടിയുണ്ടാവും.
ജമന്തി, പോയന്‍സെറ്റി, മോണിങ് ഗ്ലോറി തുടങ്ങി 25 ഓളം വിവിധ ചെടികള്‍ മിറാക്കിള്‍ ഗാര്‍ഡനിലുണ്ടാവും. സ്റ്റീലില്‍ വിവിധ രൂപങ്ങള്‍ നിര്‍മിച്ച് പ്രത്യേക ചെടി ചട്ടികള്‍ ഉപയോഗിച്ചാവും ഗാര്ഡന് നിര്‍മിക്കുക. ചെടികള്‍ പ്രത്യേക രീതിയില്‍ അലങ്കരിക്കുന്നത് ഗാര്‍ഡനെ കൂടുതല്‍ മനോഹരമാക്കും. 24 മണിക്കൂറും നനയ്ക്കുതിനായി ഡ്രിപ് ഇറിഗേഷനും ഒരുക്കുുണ്ട്. വിദേശ നിര്‍മിത മുചക്ര വാഹനമാണ് സൈക്കിള്‍ ട്രാക്കില്‍ ഉപയോഗിക്കുക. കോട്ടക്കുന്നില്‍ ഈയുടത്ത് നട്ടുപിടിപ്പിച്ച മരങ്ങള്‍ക്കിടയിലാണ് സൈക്കിള്‍ ട്രാക്കെന്നതിനാല് ട്രാക്കില്‍ എപ്പോഴും തണലുണ്ടാവും. എല്ലാ പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള വാഹനമാണ് ഇവിടെയുണ്ടാവുക.
അഞ്ഞൂറ് പേര്‍ക്കിരിക്കാനുള്ള സൗകര്യത്തോടെയാണ് പാര്‍ട്ടി ഹാള്‍ നിര്‍മിക്കുന്നത്. ജില്ലയിലെ പഴയകാല കലാകാരന്മാര്ക്ക് സ്ഥിരം വേദിയൊരുക്കാനും പാര്‍ട്ടി ഹാള്‍ ഉപയോഗിക്കും. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ സാംസ്കാരിക പരിപാടികളും ഇവിടെ നടത്തും. സെക്കിള്‍ ട്രാക്ക്, പാര്‍ട്ടി ഹാള്‍ എന്നിവ ഫെബ്രുവരി 25 നകം സന്ദര്‍ശകര്‍ക്ക് തുറന്ന് നല്‍കും.
പരിപാടിയില്‍ ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്സി കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്സിന്, എ.കെ.എ നസീര്‍, വി. മധുസുദനന്‍, വാര്‍ഡ് കൗണ്‍സിലര്‍ സലീന റസാഖ് എന്നിവര്‍ പങ്കെടുത്തു.
