പൈതൃകം ചൂളം വിളിക്കുമ്പോള്‍…

ജെ ജോര്‍ജ്

TRAIN 02ഊട്ടി:  മലനിരകളുടെ മടിത്തട്ട്. കൊളുന്തിലകളില്‍ ബാലസൂര്യന്റെ പ്രതിബിബം. കുളിരണിഞ്ഞ് ഹിമകണങ്ങള്‍;തേയിലയുടെ നുറുമണം പരക്കുന്ന പച്ചപ്പിനിടയിലെ തുരങ്കങ്ങളിലേക്ക് ഊഴ്ന്നുപോകുന്ന റെയില്‍പാത. ഊട്ടിയുടെ കുളിരിലൂടെ പൈതൃക തീവണ്ടി ചൂളം വിളിച്ചു നീങ്ങുകയാണ്.ഊട്ടിയിലേക്കുള്ള യാത്ര തണുപ്പിലേക്കുള്ള യാത്ര മാത്രമല്ല.പൈതൃകവും ഇവിടെ നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഊട്ടി തടാകത്തിനും ബൊട്ടാണിക്കല്‍ ഗാര്‍ഡനും ദോഡാ പേട്ടക്കും ടിബറ്റന്‍ ബസാറിനുമൊപ്പം ഊട്ടിയെ സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത് പൈതൃക തീവണ്ടി കൂടിയാണ്. ഉദകമണ്ഡലമെന്ന് തമിഴില്‍ വിളിക്കുന്ന ഊട്ടിയില്‍ നിന്ന് കൂനൂര്‍ വഴി മലനിരകള്‍ക്ക് കീഴെ മേട്ടുപ്പാളയം വരെയെത്തുന്ന തീവണ്ടിയാത്ര. കിലുക്കം ഉള്‍പ്പടെ നിരവധി സിനിമകളിലൂടെ മലയാളിക്ക് പരിചിതമായ തീവണ്ടിപ്പാത. പക്ഷെ,ഊട്ടി കാണാന്‍ പോകുന്നവരിലേറെയും ഈ തീവണ്ടിയില്‍ കയറാറില്ല. വേറിട്ട ആ യാത്ര അനുഭവക്കാറില്ല.
TRAIN 04യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയതാണ് ഈ തീവണ്ടിയാത്ര. നീലഗിരി മൗണ്ടന്‍ റെയില്‍വേ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംവിധാനം ഇന്ത്യയില്‍ ഏറ്റവും ഉയരം കൂടിയ യാത്രകളിലൊന്നാണ്. മറ്റൊന്ന് ഡാര്‍ജലിംഗിലാണ്. ഏഴായിരത്തി മൂന്നൂറ് അടി ഉയരത്തിലാണ് ഊട്ടിയിലെ യാത്ര.1908 ല്‍ ബ്രിട്ടീഷുകാരാണ് അതിസാഹസികമായ ഈ റെയില്‍പാത നിര്‍മിച്ച് തീവണ്ടി യാത്ര തുടങ്ങിയത്. കല്‍ക്കരി എഞ്ചിനായിരുന്നു അന്ന്. ഊട്ടി മുതല്‍ മേട്ടുപ്പാളയം വരെയുള്ള 41 കിലോമീറ്റര്‍ ഓടിയെത്തുന്നത് മൂന്നു മണിക്കൂറുകൊണ്ടാണ്.108 വളവുകളും 16 തുരങ്കങ്ങളും 250 ചെറുതും വലുതമായ പാലങ്ങളുമുള്ള ഈ പാതയുടെ നിര്‍മാണരീതി ആരെയും വിസ്മയിപ്പിക്കുന്നതാണ്.ഊട്ടിക്കും മേട്ടുപ്പാളയത്തിനുമിടയില്‍ 11 ചെറിയ സ്റ്റേഷനുകളാണുള്ളത്.

TRAIN 03ഫേണ്‍ഹില്‍,ലൗഡെയ്ല്‍,കെറ്റി,അറവന്‍കാട്,വെല്ലിംഗ്ടണ്‍,കൂനൂര്‍,കാട്ടേരി റോഡ്,റൂണിമേട്,ഹില്‍ഗ്രോ,അഡര്‍ലി,കല്ലാര്‍ എന്നിവയാണ് ഈ സ്‌റ്റേഷനുകള്‍. ഊട്ടിയിലെത്തുന്ന വിദേശികള്‍ അടക്കമുള്ള ടൂറിസ്റ്റുകളും ഊട്ടിയിലെ ചെറുകിട കച്ചവടക്കാരുമാണ് ഈ തീവണ്ടിയിലെ യാത്രക്കാര്‍.പഴയമയെ അനുസ്മരിപ്പിക്കുന്നതാണ് തീവണ്ടിയുടെ രൂപം. പഴയ കരിവണ്ടിയുടെ എഞ്ചിന്‍. രണ്ടു വശത്തും ചില്ലിട്ട കംപാര്‍ട്ട്‌മെന്റുകള്‍. ഊട്ടിയുടെ പ്രകൃതി ഭംഗി തടസ്സങ്ങളില്ലാതെ കാണാന്‍ ഈ സംവിധാനം സഹായിക്കും.ഫസ്റ്റ് ക്ലാസും ഓര്‍ഡിനറി ക്ലാസുമുണ്ട്. ഫസ്റ്റ് ക്ലാസില്‍ കുഷ്യനിട്ട വലിയ സീറ്റുകള്‍. ടിക്കറ്റ് ലഭിക്കാന്‍ എപ്പോഴും തിരക്കാണ്. ദിവസനേ രണ്ടു ട്രിപ്പുകളാണുള്ളത്. ഊട്ടിയില്‍ നിന്ന് രാവിലെ ഒമ്പതിനും ഉച്ചക്ക് 12 നും പുറപ്പെടുന്ന യാത്രകള്‍. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബൂക്ക് ചെയ്യാം. ആകെയുള്ള ഇരുനൂറോളം സീറ്റുകളില്‍ പകുതിയാണ് മുന്‍കൂട്ടി ബുക്ക് ചെയ്യാനാകുക. ബാക്കിയുള്ളത് യാത്രാ ദിവസം സ്റ്റേഷനില്‍ ലഭിക്കും. ഓര്‍ഡിനറിക്ക് ഊട്ടിയില്‍ നിന്ന് കൂനൂരിലേക്കുള്ള നിരക്ക് 11 രൂപ. ഫസ്റ്റ് ക്ലാസില്‍ ഇത് ഇരുനൂറിലേറെ വരും. ഊട്ടിയിലെത്തുന്നവര്‍ കൗതുകത്തിനായി കൂനൂര്‍ വരെ ഈ ട്രെയിനില്‍ യാത്ര ചെയ്യുകയാണ് പതിവ്. ഊട്ടിയുടെ ഭംഗി ആസ്വദിക്കുന്നതിനും പൈതൃക ട്രെയിന്‍ യാത്രയുടെ രസം അനുഭവിക്കുന്നതിനും ഈ ചെറിയ യാത്ര ധാരാളം.

Leave a Reply

Your email address will not be published. Required fields are marked *