ആദായ നികുതിയായി പിടിച്ച 3200 കോടി സര്‍ക്കാരിലടയ്ക്കാതെ കമ്പനികള്‍ മുക്കി

മുംബയ്: ആദായ നികുതി ഇനത്തില്‍ ജീവനക്കാരില്‍ നിന്ന് പിടിച്ച 3200 കോടി രൂപ വിവിധ കന്പനികള്‍ സര്‍ക്കാരിലേക്ക് അടയ്ക്കാതെ മുക്കിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 447 കന്പനികള്‍ ചേര്‍ന്ന് 2017 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച്‌ വരെയുളള്ള കാലയളവിലാണ് ഈ തട്ടിപ്പ് നടത്തിയത്. ജീവനക്കാരില്‍ നിന്ന് നികുതി ഇനത്തില്‍ തുക പിടിച്ചെങ്കിലും കന്പനികള്‍ ഈ തുക സര്‍ക്കാരിലേക്ക് അടച്ചിരുന്നില്ല. മൂന്ന് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്.

ഇത് കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന,​ ക്രിമിനല്‍ വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുക്കാം. ഒരു ഉന്നത രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ള നിര്‍മാണ മേഖലയിലെ ഒരു കന്പനി ഇത്തരത്തില്‍ 100 കോടി വെട്ടിച്ചതായും ആദായ നികുതി വകുപ്പ് കണ്ടെത്തി. സിനിമാ നിര്‍മാണ കന്പനികള്‍,​ സ്റ്റാര്‍ട്ടപ്പ് കന്പനികള്‍ എന്നിവയും നികുതി വെട്ടിപ്പ് നടത്തിയവരില്‍പെടുന്നു. തുറമുഖ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു അടിസ്ഥാന സൗകര്യ വികസന കന്പനി 14 കോടിയുടെ വെട്ടിപ്പാണ് നടത്തിയത്. ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കന്പനി 11 കോടിയും വെട്ടിച്ചു. ചില കേസുകളില്‍ 50 ശതമാനം തുക സര്‍ക്കാരിലേക്ക് അടയ്ക്കുകയും ശേഷിച്ച തുക കന്പനി ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ട്. വെട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ് ആദായ നികുതി വകുപ്പ്.

നികുതി വെട്ടിച്ച കന്പനികളുടെ സ്ഥാവര,​ ജംഗമ വസ്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടി വെട്ടിച്ച തുക പിഴയടക്കം തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ആദായ നികുതി വകുപ്പ് തുടങ്ങിയിട്ടുണ്ട്. സംഭവം പുറത്തായതോടെ കന്പനികളില്‍ ചിലര്‍ മാപ്പപക്ഷേയും പണം തിരിച്ചടയ്ക്കാമെന്ന വാഗ്ദ്ധാനവുമായും രംഗത്ത് വന്നിട്ടുണ്ട്. വിപണിയിലെ മാന്ദ്യത്തെ തുടര്‍ന്ന് ചില കന്പനികള്‍ പണം അടയ്ക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *