സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ, സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചും പൊതു, സ്വകാര്യ സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോര്‍ട്ട് തേടി.

അടിയന്തര പ്രാധാന്യത്തോടെ ക്രമസമാധാന റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. ശാന്തിയും സമാധാനവും നിലനിറുത്താന്‍ എല്ലാ വിഭാഗം ജനങ്ങളോടും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

ശബരിമലയില്‍ രണ്ടു യുവതികള്‍ പ്രവേശിച്ചതിനെതിരെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ആക്രമണമുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി സി ബസുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടായി. സി.പി.എം. ബി.ജെ.പി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ഇന്നലെ രാത്രി ഇടുക്കി, എറണാകുളം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികളെ കരുതല്‍ തടങ്കലായി കസ്റ്രഡിയില്‍ എടുത്തിരുന്നു.

പന്തളത്ത് ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്ന ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ സി.പി.എം ഓഫീസില്‍ നിന്നുണ്ടായ കല്ലെറില്‍ കൊല്ലപ്പെട്ടിരുന്നു. പന്തളത്ത് അഞ്ച് സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

ഇന്നലെ മുഴുവന്‍ സംഘര്‍ഷഭരിതമായിരുന്ന തലസ്ഥാനത്ത് ഇന്നും സംഘര്‍ഷമുണ്ടായി. ബി.ജെ.പി പ്രവര്‍ത്തകരുടെ മാര്‍ച്ചിനിടെ മാദ്ധ്യമങ്ങള്‍ക്ക് നേരെയും വ്യാപകമായി ആക്രമണം നടന്നു. പാലക്കാട് സി.പി.ഐ ഒ‍ാഫിസിനു മുന്‍പില്‍ നിര്‍ത്തിയിട്ട 5 ബൈക്കുകളും 2 കാറും എറിഞ്ഞുതകര്‍ത്തു.

മലപ്പുറം ജില്ലയിലെ തവനൂരിലും എറണാകുളത്തും സി.പി.എം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *