പത്തനംതിട്ട: ശബരിമല സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ രംഗത്ത്. നടയടച്ച തന്ത്രി 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് പദ്മകുമാര്‍ ആവശ്യപ്പെട്ടു.
തന്ത്രി നടയടച്ച സംഭവം സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് പദ്മകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിഷണര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഭരണഘടന സ്ഥാപനമായ സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെന്നും അക്കാര്യത്തില്‍ യാതൊരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.
