കുട്ടികളില്‍ കോവിഡ് സാധ്യത കുറവെന്ന് പുതിയ പഠനം

പാരിസ്- പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളില്‍ കോവിഡ് രോഗ സാധ്യത കുറവാണെന്ന് പുതിയ പഠനം. അതേ സമയം കുട്ടികള്‍ക്ക് രോഗബാധയുണ്ടായാല്‍ അവരുടെ ആരോഗ്യനില ഗുരുതരമായ നിലയില്‍ വഷളാകുമെന്നും പഠനം വെളിപ്പെടുത്തുന്നു.
25 യൂറോപ്യന്‍ രാജ്യങ്ങളിലുള്ള 82 ഹെല്‍ത്ത് കെയര്‍ ഗവേഷണ കമ്പനികള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. ലണ്ടണ്‍ യൂണിവേഴ്്‌സിറ്റി കോളേദിലെ മാര്‍ക് ടോബ്രൂഗിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 582 കുട്ടികളെയാണ് ഗവേഷണ വിധേയരാക്കിയത്.ഏപ്രില്‍ അവസാന വാരമാണ് ഗവേഷണം നടന്നത്.
18 വയസിന് താഴെയുള്ള കുട്ടികളില്‍ കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ വളരെ നേരിയ രീതിയിലാണ് ഉണ്ടാകുന്നത്. രോഗബാധയുള്ള കുട്ടികളില്‍ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ്. അതേസമയം, എട്ടുശതമാനം കുട്ടികളില്‍ രോഗംബാധിച്ച് അത്യാസന നിലയിലാകുന്നുണ്ട്. ഇവര്‍ക്ക് ജീവന്‍രക്ഷാ സംവിധാനങ്ങളുടെയും മരുന്നുകളുടെയും സഹായം ആവശ്യമായി വരും.
പഠനത്തിന് വിധേയരാക്കപ്പെട്ട കോവിഡ് ബാധിതരായ 582 കുട്ടികളില്‍ 363 കുട്ടികള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. 48 കുട്ടികള്‍ക്ക് ഐ.സി.യു സംവിധാനവും 25 കുട്ടികള്‍ക്ക് വെന്റിലേറ്റര്‍ സഹായവും ആവശ്യമായി വന്നിരുന്നു.
കുട്ടികളില്‍ കൊറോണ ലക്ഷണങ്ങള്‍ മുതിര്‍ന്നവരെക്കാള്‍ കുറവാണെന്ന് ഏപ്രില്‍ ആദ്യവാരത്തില്‍ നടന്ന മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *