നേതാക്കളുടെ പീഢനം അസഹ്യം:
അനന്യകുമാരി മല്‍സരിക്കാനില്ല

മലപ്പുറം-പാര്‍ട്ടി നേതാക്കളുടെ പീഢനം അസഹ്യമായതോടെ വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി അനന്യ കുമാരി അലക്‌സ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയാണ് അനന്യ. പാര്‍ട്ടി നേതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുകയാണെന്നും അനന്യ പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു. തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലികുട്ടിക്കെതിരെ സംസാരിക്കണമെന്നും പര്‍ദ്ദ ധരിച്ച് വോട്ട് ചോദിക്കണമെന്നും പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടതായും അനന്യ തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. ഒരു നേതാവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.തന്റെ കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും അനന്യ വിഡിയോയില്‍ പറഞ്ഞു. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ് തന്നെ സ്‌പോണ്‍സര്‍ ചെയ്തത്. എന്നാല്‍ ഇതിനുപുറകിലുള്ള ചതിക്കുഴികളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല.ഇനിയും വോട്ടര്‍മാരേയും ജനങ്ങളേയും പറ്റിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ മല്‍സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും അനന്യ പറഞ്ഞു.ട്രാന്‍സ്‌ജെന്‍ഡറുടെ പ്രശ്‌നങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു ലക്ഷ്യം.എന്നാല്‍ ഈ പാര്‍ട്ടിയിലൂടെ അത് സാധ്യമാകില്ല എന്ന് ബോധ്യമായി.ജീവന് ഭീഷണിയുണ്ട്.ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി തട്ടിക്കൂട്ട് പാര്‍ട്ടിയാണ്. വേങ്ങര മണ്ഡലം മത്സരത്തിനായി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അനന്യ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നിന്ന് സ്വമേധയാ പിന്‍മാറുന്നതായും ആരും തന്റെ പേരില്‍ ഡി.എസ്.ജെ.പി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ ആവശ്യപ്പെട്ടു. മേക്കപ്പ് ആര്‍ട്ടിസ്റ്റും വാര്‍ത്താ അവതാരകയും കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും കൂടിയാണ് അനന്യ കുമാരി. കൊല്ലം പെരുമണ്‍ സ്വദേശിനിയാണ്.
വേങ്ങരയിലെ മല്‍സരത്തില്‍ നിന്ന് നേരത്തെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ.സാദിഖ് നടുത്തൊടി പിന്‍മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *