മണ്ണുത്തി; മുന്‍ കേസിന്റെ ഒത്തുതീര്‍പ്പിനെന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഗുണ്ടാ സംഘത്തില്‍പ്പെട്ട കൊഴുക്കുള്ളി സ്വദേശികളായ മലയന്‍ വീട്ടില്‍ രാജീവ് (21), പള്ളിയില്‍ വീട്ടില്‍ അക്ഷയ് (20), മൂര്‍ക്കിനിക്കര സ്വദേശികളായ പടിഞ്ഞാറേ വീട്ടില്‍ വിഷ്ണുജിത്ത് (18), പടിഞ്ഞാറേ വീട്ടില്‍ ബ്രഹ്മജിത്ത് (18), വലക്കാവ് സ്വദേശി മച്ചില്‍ വീട്ടില്‍ വിഷ്ണു (19), മണ്ണുത്തി സ്വദേശി മൂഴ്ക്കാട്ടില്‍ വീട്ടില്‍ സുനീത് കൃഷ്ണന്‍ (24) എന്നിവരെയാണ് ഒല്ലൂര്‍ എസിപി സി.കെ. ദേവദാസിന്റെ നേതൃത്വത്തില്‍ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഒന്നിനു രാവിലെ 11ന് ആണ് അടാട്ട് സ്വദേശി ക്രിസ്റ്റിയെയും നടത്തറ സ്വദേശി രൂപേഷിനെയും മുന്‍പുണ്ടായിരുന്ന കേസിനെക്കുറിച്ച് സംസാരിക്കുന്നതിനായി കൊഴുക്കുള്ളി അയ്യംകുന്നിലേക്കു വിളിച്ചു വരുത്തി ആക്രമിച്ചിരിക്കുന്നത്. ക്രിസ്റ്റിയുടെ തലയ്ക്കു ഗുരുതര പരിക്കേറ്റു. രൂപേഷിന്റെ കാലിന്റെ എല്ല് ഒടിഞ്ഞു. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ പൂമലയിലെ ഒളിസങ്കേതത്തില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
