സഖാവ് കുഞ്ഞാലി മുതല്‍ സരിത വരെ: അമര്‍ന്നു മാറി ആര്യാടന്‍

മലപ്പുറം: കമ്മ്യൂണിസ്റ്റ് നേതാവ് കുഞ്ഞാലിയുടെ കൊലപാതകം മുതല്‍ സോളാര്‍ കേസില്‍ വരെ ആരോപണ വിധേയനായ മന്ത്രി ആര്യാടന്‍ വിവാദങ്ങളില്‍ നിന്ന് വിവാദത്തിലേക്ക് യാത്ര തുടരുകയാണ്. പക്ഷേ വിവാദവും ആരോപണവുമല്ലാതെ ഒരു കേസില്‍ പോലും ആര്യാടന്‍ അകപ്പെട്ടിട്ടില്ല. അവസാനം സോളാര്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടപ്പോഴാണ് ഹൈക്കോടതി രക്ഷകനായി അവതരിച്ചത്. എന്നും ഭാഗ്യം ആര്യാടനോടൊപ്പമായിരുന്നു.

നിലമ്പൂരിലെ അതിശക്തനായ സി.പി.എം നേതാവായിരുന്നു കുഞ്ഞാലി. 1969 ജൂലൈ 28ന് കുഞ്ഞാലി വെടിയേറ്റ് മരിക്കുകയായിരുന്നു. കുഞ്ഞാലിയുടെ പ്രധാന പ്രതിയോഗിയായിരുന്ന ആര്യാടനിലേക്കായിരുന്നു അന്നും സംശയത്തിന്റെ കണ്ണുകള്‍ നീണ്ടത്. 1965ലും 67ലും കുഞ്ഞാലിയോട് മാത്രമാണ് ആര്യാടന്‍ പരാജയപ്പെട്ടിട്ടുള്ളത്. കുഞ്ഞാലി വധക്കേസില്‍ ആര്യാടന്‍ അകപ്പെടുമെന്നായപ്പോഴാണ് സി.പി.എമ്മിനകത്ത് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സഖാവിന്റെ വധത്തില്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് പങ്കുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ അതില്‍ നിന്നും ആര്യാടന്‍ തല്‍ക്കാലം രക്ഷപ്പെട്ടു. പക്ഷേ വിവാദം ഇന്നും നിലനില്‍ക്കുന്നു.
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയായ രാധയുടെ കൊലപാതത്തിലെ മുഖ്യപ്രതി ആര്യാടന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ബിജുവാണ്. പോലീസ് അറസ്റ്റ് ചെയ്തത് ബിജുവിനെയാണെങ്കിലും സംശയത്തിന്റെ കണ്ണുകള്‍ നീണ്ടത് ആര്യാടന് നേരെയാണ്.

എല്ലാ പ്രശ്‌നങ്ങളും ഏകദേശം അവസാനിച്ചപ്പോഴാണ് സോളാര്‍ തട്ടിപ്പിലെ പ്രതി സരിതയുടെ പുതിയ വെളിപ്പെടുത്തല്‍ ആര്യാടനെ കുടുക്കിയത്. ആര്യാടന്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടിരുന്നെന്നും 40 ലക്ഷം കൊടുത്തെന്നുമാണ് സരിത സോളാര്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയത്. എല്ലാ ആരോപണങ്ങള്‍ക്കും ഉരുളക്കുപ്പേരി പോലെ മറുപടി കൊടുത്തിരുന്ന ആര്യാടന്‍ ഇത്തവണ ശരിക്കുമൊന്ന് പതറി. കാരണം സരിത നായര്‍ പലതവണ നിലമ്പൂരിലെ സ്റ്റാര്‍ ഹോട്ടലില്‍ വന്ന് താമസിച്ചത് പരസ്യമായ കാര്യമാണ്.
ആരോപണത്തിന് ഒരു മറുപടി കണ്ടെത്തുന്നതിനും മുമ്പെ വിജിലന്‍സ് കോടതിയുടെ ഉത്തരവുമെത്തി. മുഖ്യരാഷ്ട്രീയ ശത്രുവായ മുസ്ലിംലീഗ് പ്രശ്‌നം വഷളാക്കുന്നതിന് മുമ്പ് ഹൈക്കോടതി ഇടപെട്ടതാണ് ഏക ആശ്വാസം. വിവാദങ്ങളില്‍ നിന്നും എന്നും രക്ഷപ്പെടുന്ന ആര്യാടനെ കുടുക്കാന്‍ ലഭിച്ച ഒരു നല്ല അവസരം നഷ്ടപ്പെട്ട വിഷമത്തിലാണ് ലീഗുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *