വിഴിയനഗരം: അയല്‍വാസിയായ ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 75കാരന്‍ അറസ്റ്റില്‍. ആന്ധ്രയിലെ വിഴിയനഗരം ജില്ലയിലെ രംഗരായപുരം ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. അല്ലിപുറപ് സത്യം എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ മിഠായി നല്‍കി വീട്ടിലേക്ക് എത്തിച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
മിഠായി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ കുട്ടി ഇയാളുടെ കുടിലിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് തൊട്ടടുത്ത വീട്ടിലെ ആണ്‍കുട്ടി കണ്ടു. തുടര്‍ന്ന് ആണ്‍കുട്ടി വിവരം തന്റെ മാതാവിനോട് പറഞ്ഞു. അവര്‍ ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാരെയും മറ്റ് അയല്‍വാസികളെയും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ അറിയിച്ചു. ഇയാള്‍ക്കെതിരേ പോക്‌സോ നിയമം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി.
