കുടുംബശ്രീയുടെ വനിതാ കണ്ടക്ടര്‍ സേന വരുന്നു

തിരുവനന്തപുരം- സംസ്ഥാനത്തെ ബസുകളില്‍ ഇനി വളയിട്ട കൈകള്‍ കാശുവാങ്ങും.  കുടുംബശ്രീ രൂപം നല്‍കിയ വനിതാകണ്ടകര്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ ഒരു തൊഴില്‍ മേഖലയില്‍ കൂടി വനിതകള്‍ കയ്യടക്കും. വനിതാ കണ്ടക്ടര്‍മാരെ വാര്‍ത്തെടുക്കുന്ന പുതിയ പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കം കുറിക്കും. പദ്ധതി വിജയിച്ചാല്‍ മറ്റു ജില്ലകളിലേക്കും വ്യാപിക്കും.സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വ്വഹിക്കും.

മലപ്പുറം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നും രണ്ട് വീതം കുടുംബശ്രീ വനിതകളെ ഉള്‍പ്പെടുത്തി 200 പേരുടെ വനിതാ കണ്ടക്ടര്‍ ബാങ്ക് രൂപവത്ക്കരിക്കാനാണ് കുടുംബശ്രീ പദ്ധതിയിട്ടിരിക്കുന്നത്. ഹോട്ടല്‍ രംഗത്തും,പച്ചക്കറി ഉല്‍പ്പാദനത്തിലും,ക്ഷീരമേഖലയിലും,ചെറുകിട ഉല്‍പ്പന്ന നിര്‍മാണത്തിലും മികവു തെളിയിച്ച കുടുംബശ്രീ വ്യത്യസ്തമായൊരു മേഖലയിലേക്ക് കൂടി കാലെടുത്തു വക്കുകയാണ്.
വനിതാ കണ്ടക്ടര്‍മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി അവരുടെ ലിസ്റ്റ് മോട്ടോര്‍ വാഹന വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കകയാണ് ചെയ്യുക.. കണ്ടക്ടര്‍മാരെ ആവശ്യമുള്ള ബസുടമകള്‍ക്ക് സൈറ്റ് നോക്കി അവരുടെ സേവനം ആവശ്യപ്പെടാം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പൊതുഗതാഗത സംവിധാനത്തിന് ഊന്നല്‍ നല്‍കി കുടുംബശ്രീയും മോട്ടോര്‍ വാഹന വകുപ്പും ഒന്നിച്ച് പരിശീലനം നല്‍കി 200 ഓളം വനിതാ കണ്ടക്ടര്‍മാരെ വാര്‍ത്തെടുക്കുന്നത്.

മലപ്പുറത്ത് പൊതുവെ ബസുകളില്‍ ടിക്കറ്റ് കൊടുക്കുന്നില്ല എന്ന പരാതി നിലവിലുണ്ടെന്നും അത് പരിഹരിക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നും മലപ്പുറം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അജിത്കുമാര്‍ പറഞ്ഞു. ടിക്കറ്റ് കൊടുക്കാത്തതിന് ഉടമകളാണ് പിഴ അടക്കേണ്ടി വരുന്നത്. എന്നാല്‍ വാഹന ഉടമകള്‍ പറയുന്നത് നല്ല കണ്ടക്ടര്‍മാരെ കിട്ടാനില്ലെന്നും പലരും പറഞ്ഞാല്‍ കേള്‍ക്കുന്നില്ലെന്നുമാണ്. 15 ശതമാനം പേര്‍  കണ്ടക്ടര്‍ ലൈസന്‍സില്ലാതെയാണ് മലപ്പുറത്ത് ജോലി ചെയ്യുന്നത്. ഇതിന് പരിഹാരം കൂടിയാണ് വനിതാ കണ്ടക്ടര്‍ ബാങ്കെന്നും ആര്‍.ടി.ഒ. പറഞ്ഞു.

യുവാക്കളായ പല കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും പാന്‍പരാഗ് പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതായി ഏറ്റവും നല്ല ഡ്രൈവറെയും കണ്ടക്ടറെയും തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്ത 30 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവര്‍ സാക്ഷ്യപ്പെടുത്തിയതായി ആര്‍.ടി.ഒ. അറിയിച്ചു. ജില്ലയിലെ ഈ പോരായ്മ പരിഹരിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തില്‍ ജനങ്ങളുടെ വിശ്വാസവും പ്രോത്സാഹനവും ലഭിക്കുന്നതിനും വേണ്ടിയാണ് സേവനതത്പരരായ കുടുംബശ്രീ വനിതകളെ വാര്‍ത്തെടുക്കുന്നത്.  ഫെബ്രുവരി ഒന്ന് മുതല്‍ തുടങ്ങുന്ന പരിശീലനത്തിനായി 120 ഓളം അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിനകം കണ്ടക്ടര്‍ ബാങ്ക് പ്രസിദ്ധീകരിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കുന്ന റോഡ് സുരക്ഷാ വാരം ജില്ലാതല സമാപന പരിപാടിയില്‍ നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *