വിശുദ്ധ റമളാന്റെ പുണ്യം

മലപ്പുറം: വിശുദ്ധ റമളാന്‍ വീണ്ടും നമ്മളിലേക്ക് സമാഗതമായി. നന്മയും ഉപവാസവും കൊണ്ട് ജീവിതം ധന്യമാക്കാന്‍ മുസ്‌ലിം വിശ്വാസികള്‍ക്ക് കനിഞ്ഞേകിയ വിശുദ്ധ ദിനരാത്രങ്ങള്‍ വിശ്വാസിയെ സന്‍മാര്‍ഗത്തിലേക്ക് വഴി നടത്താനും ജീവിതത്തിരക്കിനിടയില്‍ വിട്ടുപോയ സുകൃതങ്ങളും നന്മകളും വീണ്ടെടുക്കാനുമുള്ള പണിപ്പുരയാണ് യഥാര്‍ത്ഥത്തില്‍ ഈ ദിനരാത്രങ്ങള്‍.

പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് മാത്രം വിശുദ്ധ റമളാനിന്റെ ശ്രേഷ്ടതകള്‍ കൈവരിക്കാനാവില്ല. നോമ്പിലൂടെ നമ്മുടെ ഹൃദയം സംസ്‌കരിക്കപ്പെടണം. വന്നുപോയ പാപങ്ങള്‍ക്ക് മാപ്പിരന്ന് സ്വശരീരത്തോടും കുടുംബത്തോടും സമൂഹത്തോടുമൊക്കെയുള്ള ബാധ്യതകള്‍ നിറവേറ്റണം. ആരാധനകളും സുകൃതങ്ങളും ജീവിതത്തില്‍ നിലനിര്‍ത്തണം. അല്ലാത്തവന്റെ വ്രതം വെറും പാഴ്‌വേലയാണെന്ന് പ്രവാചകര്‍(സ) നമ്മെ പഠിപ്പിക്കുന്നു.
റമളാന്‍ അര്‍ത്ഥം സൂചിപ്പിക്കുന്നതുപോലെ തിന്മകളും ദുര്‍പ്രവൃത്തികളും കരിച്ച് മനസ്സും ശരീരവും പാപ മുക്തമാക്കേണ്ട മാസമാണ്. പുണ്യങ്ങളും പ്രതിഫലങ്ങളും ധാരാളമായി നല്‍കപ്പെടുന്ന ഈ വിശുദ്ധ രാവിരവുകള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കുക. മനസ്സിനേയും ശരീരത്തേയും ദുര്‍മാര്‍ഗ്ഗങ്ങളില്‍ തളച്ചിടുന്ന വാക്കുകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കുക. തിരുനബി(സ) ഉണര്‍ത്തിയതു പോലെ നിങ്ങള്‍ക്ക് വാക്കിലും പ്രവര്‍ത്തിയിലും സൂക്ഷ്മത പുലര്‍ത്താനാവുന്നില്ലെങ്കില്‍ നിങ്ങള്‍ മിണ്ടാതിരിക്കുക.

മനസ്സും ശരീരവും മാത്രമല്ല വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ട ബാധ്യത വിശ്വാസിക്കുണ്ട്. ശുചിത്വം വിശ്വാസത്തിന്റെ ഭാഗമാണ്. സുകൃതം പ്രതീക്ഷിച്ച് നമ്മള്‍ നടത്തുന്ന ഇഫ്താറുകള്‍ ഫലപ്രാപ്തിയിലെത്താന്‍ നാം പ്രയത്‌നിക്കേണ്ടതുണ്ട്. അതിന് പ്രകൃതി സൗഹൃദമായ രീതിയിലേക്ക് നമ്മുടെ നോമ്പ്തുറകള്‍ മാറണം. വിശുദ്ധിയുടെ വസന്തം പെയ്തിറങ്ങുന്ന ഈ മാസം നമുക്ക് സുകൃതങ്ങളും നന്മകളും കൊണ്ട് ധന്യമാക്കാം. റംസാന്‍ നന്മകള്‍ നേരുന്നു.(സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി,ജനറല്‍ സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത്)

Leave a Reply

Your email address will not be published. Required fields are marked *