കൃത്യമായ രാഷ്ട്രീയ ബോധം നമുക്കുണ്ടാകണം- കാന്തപുരം

മലപ്പുറം-വ്രത വിശുദ്ധിയുടെ നാളുകളില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മീയ ചൈതന്യം തുടര്‍ന്നും സംരക്ഷിച്ചുള്ള ജീവിതം നയിക്കാന്‍ വിശ്വാസികള്‍ക്കു കഴിയേണ്ടതുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ല്യാര്‍ പറഞ്ഞു.മലപ്പുറം മഅ്ദിന്‍ സ്വാലാത്ത് നഗറില്‍ പ്രാര്‍ഥനാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയവിമലീകരണത്തിനായുള്ള ദിനരാത്രങ്ങളാണ് റമളാനിലൂടെ വിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നത്. ഖുര്‍ആന്‍ പാരായണവും ദാനധര്‍മവുമടക്കമുള്ള എല്ലാ തരം ആരാധനകളും അനുഷ്ഠാനങ്ങളും എല്ലായ്‌പ്പോഴും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കി മാറ്റേണ്ടതുണ്ട്.
രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമയമാണ്. കൃത്യമായ രാഷ്ട്രീയബോധം നമുക്കുണ്ടാവേണ്ടതുണ്ട്. ജനാധിപത്യപരമായ സമ്മതിദാന അവകാശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണം. രാജ്യത്തിന്റെ ഭാസുര ഭാവി നിര്‍ണയിക്കാന്‍ പര്യപ്തരും പ്രാപ്തിയുള്ളവരെയുമാണ് നാം നമ്മുടെ ജനപ്രതികളായി തീരുമാനിക്കേണ്ടത്.
സാമൂഹിക ഐക്യവും സഹവര്‍ത്തിത്വവും രാജ്യത്ത് എന്നെന്നും നിലനില്‍ക്കേണ്ടതുണ്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപാസകരെ തിരിച്ചറിയാനും, അവരുടെ അപനിര്‍മാണങ്ങളിലൂടെ രാജ്യത്തെ ജനജീവിതരീതി അരക്ഷിതമാകാതിരിക്കാനുമുള്ള ഇടപെടലുകള്‍ പ്രബുദ്ധ സമൂഹത്തില്‍ നിന്നുണ്ടാകേണ്ടതുണ്ട്. മമതയിലും മൈത്രിയിലുമൂന്നിയതാണ് രാജ്യത്തിന്റെ ജനജീവിത പാരമ്പര്യം. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കരുത്തുകൊണ്ട് വിഭാഗീയശ്രമങ്ങളെ ഉന്മൂലനം ചെയ്യാന്‍ നമുക്കാവണം.അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *